തിരുവനന്തപുരം: പ്രവാസി മലയാളികളുടെയും വിദേശത്തുനിന്ന് മടങ്ങിയെത്തിയവരുടെയും പങ്കാളിത്തത്തോടെ സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘നോർക്ക പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്’ പദ്ധതി കേരള സർക്കാർ ആരംഭിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.
പദ്ധതിയുടെ ഭാഗമായി പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഭൂരിപക്ഷ ഓഹരി പങ്കാളിത്തമുള്ള കമ്പനികൾക്കും സഹകരണ സംഘങ്ങൾക്കും പാർട്ണർഷിപ്പ് സ്ഥാപനങ്ങൾക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (MSME) സ്വന്തം നാട്ടിൽ വ്യവസായ എസ്റ്റേറ്റുകളും സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളും ആരംഭിക്കാം.
മൂന്ന് മുതൽ ഏഴ് ഏക്കർ വരെ ഭൂമിയുള്ളവർക്ക് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾ ആരംഭിക്കാനാകും. ഏഴ് മുതൽ 15 ഏക്കർ വരെ ഭൂമിയുള്ളവർക്ക് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ സ്ഥാപിക്കാനും അവസരമുണ്ട്. സ്വന്തമായുള്ള ഭൂമിയിലോ കുറഞ്ഞത് 30 വർഷത്തെ പാട്ടക്കരാറിലുള്ള ഭൂമിയിലോ പദ്ധതി നടപ്പാക്കാം.
അടിസ്ഥാന സൗകര്യങ്ങളായ റോഡ്, വൈദ്യുതി, കുടിവെള്ളം, മാലിന്യ സംസ്കരണം തുടങ്ങിയവ ഒരുക്കുന്നതിന് പരമാവധി മൂന്ന് കോടി രൂപ വരെ സർക്കാർ സാമ്പത്തിക സഹായം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചെറുകിട ഉൽപ്പാദന യൂണിറ്റുകൾ, സാങ്കേതിക സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഓഫീസ് സ്പേസുകൾ എന്നിവയ്ക്കായി സർക്കാർ അടിസ്ഥാന സൗകര്യങ്ങളോടെ ഒരുക്കുന്ന ബഹുനില വ്യവസായ കെട്ടിടങ്ങളാണ് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾ (SDF). പദ്ധതിയുടെ അംഗീകാര നടപടികൾ വേഗത്തിലാക്കുന്നതിനായി പ്രത്യേക സിംഗിൾ വിൻഡോ സംവിധാനവും ഏർപ്പെടുത്തും.
അതേസമയം, പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന റെഡ് കാറ്റഗറി വ്യവസായങ്ങൾക്ക് പദ്ധതിയുടെ ഭാഗമായി അനുമതി നൽകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രവാസികളുടെ നിക്ഷേപവും സംരംഭകത്വ താൽപര്യവും പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് കൂടുതൽ വ്യവസായ സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.


























