ഓസ്ട്രേലിയ : ബ്ലെസ്സിയുടെ ആടുജീവിതത്തിനായ് പ്രേക്ഷകരുടെ ആവേശവും വർധിച്ചിരിക്കുകയാണ്. കേരളത്തിൽ മാത്രം റിലീസിനുമുന്നേയുള്ള രാത്രിയിൽ ഒരു മണിക്കൂറിന് ഉള്ളിൽ 8.68 K ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. എന്നാൽ ഇതിനകം കേരളത്തിൽ നിന്ന് മാത്രമായി അഡ്വാൻസ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് സിനിമ നേടിയിരിക്കുന്നത് എന്നാണ് അനലിസ്റ്റുകൾ നൽകുന്ന സൂചന. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
Wanderlust ഫിലിംസാണ് ചിത്രം ഓസ്‌ട്രേലിയയിലും, ന്യൂസീലാന്റിലും പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.
എഴുപതിലധികം സ്ക്രീനുകളാണ് ആടുജീവിതത്തിനായി ഓസ്ട്രേലിയയിൽ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമ ഇതുവരെ കാണാത്ത റിലീസ് ആണ് Wanderlust ഫിലിംസ് ആടുജീവിതത്തിനായി തയ്യാറാക്കിയിരിക്കുന്നത്. സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ആടുജീവിതം കാണണമെന്നൊരു ഉദ്ദേശത്തോടുകൂടി ഏവരുടെയും ശ്രദ്ധ ആകർഷിക്കുമാറുള്ള മാർക്കറ്റിംഗ് തന്ത്രങ്ങളാണ് വിതരണക്കാർ സ്വീകരിച്ചിരിക്കുന്നത്.
അഡ്വാൻസ് ബുക്കിങ്ങിൽ പുതുചരിത്രവും കുറിച്ചിരിക്കയാണ് ആടുജീവിതം.ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ പ്രതികരണമാണ് ഇത്. ഈ ചിത്രത്തിനായി പ്രേക്ഷകര്‍ക്കിടയിലുള്ള കാത്തിരിപ്പ് എന്തെന്ന് വ്യക്തമാക്കുന്നുമുണ്ട് ഇത്.ഇന്ത്യയ്ക്ക് പുറത്ത് പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് ഓപ്പണിങ് തന്നെയാണ് ആടുജീവിതത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നാണ് സിനിമ വിതരണക്കാർ അവകാശപ്പെടുന്നത്.
സാങ്കേതികമായി മലയാളത്തിലെ സമീപകാല ചിത്രങ്ങളില്‍ ടോപ്പ് നോച്ച് എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ചിത്രമാണ് ആടുജീവിതം. നജീബിന്‍റെ പ്രയാസങ്ങള്‍ ദുരിതം എല്ലാത്തിനും സാക്ഷിയാണ് മരുഭൂമി. ഇത്രയും ഗംഭീരമായി ഒരു മരുഭൂമി കാഴ്ച സമീപകാല ഇന്ത്യന്‍ സിനിമകളില്‍ തന്നെ ഉണ്ടായിട്ടില്ലെന്ന് പറയാം.
COM SCORE നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ഓസ്ട്രേലിയയിൽ നിന്നും A$65027 (35 lacks)ഉം, ന്യൂസിലാന്റിൽ നിന്നും NZ$24324 (12 lacks) ഉം ആടുജീവിതത്തിന് നേടാനായി .
സമീപകാലത്തായുള്ള മലയാളം ഫിലിം ഇൻഡസ്ട്രിയുടെ ട്രെൻഡ് അനുസരിച്ച് ആദ്യ ദിവസത്തെ കളക്ഷൻ വച്ച് നോക്കുമ്പോൾ ഇനി മുന്നോട്ടുള്ള ദിവസങ്ങളിൽ പൃഥ്വിരാജിന്റെ ആടുജീവിതം പുതു റെക്കോർഡ് സൃഷ്ടിക്കുമെന്നു തന്നെയുള്ള സൂചനകളാണ് പ്രേക്ഷകർക്കിടയിൽ നിന്നുംവരുന്നത്.






























