പെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ ഗർഭച്ഛിദ്ര നിയമങ്ങൾ പരിഷ്കരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരേ ശക്തമായ എതിർപ്പുമായി ഓസ്ട്രേലിയൻ ക്രിസ്റ്റ്യൻ ലോബി. ഗർഭച്ഛിദ്രം പൂർണമായും കുറ്റകരമല്ലാതാക്കുക, ഗർഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 20 ആഴ്ചയിൽനിന്ന് (അഞ്ച് മാസം) 24 ആഴ്ച ആഴ്ച്ചയായി ഉയർത്തുക, നിർബന്ധിത കൗൺസിലിംഗ് നിർത്തലാക്കുക, ജിപി റഫറൽ ഇല്ലാതാക്കുക തുടങ്ങി ആറു ഭേദഗതികൾ ഉൾപ്പെടുത്തിയാണ് ഗർഭച്ഛിദ്ര നിയമങ്ങൾ പരിഷ്കരിക്കുന്നത്.സംസ്ഥാനത്ത് നിലവിലുള്ള നിയമപ്രകാരം, 20 ആഴ്ചയ്ക്കപ്പുറമുള്ള ഗർഭച്ഛിദ്രങ്ങൾക്ക് ആരോഗ്യമന്ത്രി നിയമിച്ച നിയമാനുസൃത പാനലിന്റെ ഭാഗമായ രണ്ട് മെഡിക്കൽ പ്രാക്ടീഷണർമാർ അനുമതി നൽകണം. ഇതാണ് ഭേദഗതി വരുത്താനൊരുങ്ങുന്നത്. സംസ്ഥാനത്തെ ആയിരക്കണക്കിന് ആരോഗ്യ വിദഗ്ധരെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി നടത്തിയ സർവേയിൽ ഭൂരിപക്ഷവും ഭേദഗതികളെ പിന്തുണച്ചതായി സർക്കാർ അവകാശപ്പെടുന്നു.
അതേസമയം, അബോർഷൻ പരിഷ്കരണ ബില്ലിനെ അപമാനകരം എന്നാണ് ഓസ്ട്രേലിയൻ ക്രിസ്റ്റ്യൻ ലോബി (ഡബ്ല്യുഎ) സംസ്ഥാന ഡയറക്ടർ പീറ്റർ ആബെറ്റ്സ് വിശേഷിപ്പിച്ചത്. കാരണം അതിൽ ലിംഗാടിസ്ഥാനത്തിലുള്ള ഗർഭച്ഛിദ്രം നിരോധിക്കുന്നില്ല, ഇതുകൂടാതെ വൈകിയുള്ള ഗർഭച്ഛിദ്രത്തിന്റെ ഫലമായി ജീവനോടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ചികിത്സ നൽകാനുള്ള വ്യവസ്ഥയില്ല. ഈ കുഞ്ഞുങ്ങളെ മരിക്കാൻ അനുവദിക്കുന്നു. ഇത്തരത്തിൽ മാനുഷിക പരിഗണനയില്ലാത്ത ഭേദഗതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് പീറ്റർ ആബെറ്റ്സ് ചൂണ്ടിക്കാട്ടി. 13 ആഴ്ചകൾക്കു ശേഷമുള്ള ഗർഭഛിദ്രങ്ങൾക്ക് വേദനാസംഹാരികൾ നിർബന്ധമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടത് മനുഷ്യത്വരഹിതമാണെന്ന് ആബെറ്റ്സ് പറഞ്ഞു. ഗർഭാശയത്തിലെ ശിശുക്കൾക്ക് വേദന അനുഭവപ്പെടാൻ ആരംഭിക്കുന്നത്, മുൻപ് കരുതിയതു പോലെ 24 ആഴ്ചയിലല്ല, 13-ാം ആഴ്ച മുതലാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഓസ്ട്രേലിയൻ ക്രിസ്റ്റ്യൻ ലോബി വിശദമായ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ അത് അവഗണിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി.ഗർഭച്ഛിദ്രം നടത്തിയ 60 ശതമാനം സ്ത്രീകളും അതിനായി സമ്മർദ്ദമോ നിർബന്ധമോ നേരിടുന്നതായി വിവിധ സർവേ ഫലങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഗർഭസ്ഥ ശിശുവിന് ഡൗൺ സിൻഡ്രോം ഉണ്ടെന്ന സംശയത്തിന്റെ പേരിൽ മാത്രം ഗർഭച്ഛിദ്രം നടത്തുന്നത് പുതിയ നിയമനിർമാണത്തിൽ ഒഴിവാക്കപ്പെടുന്നില്ല. കഴിഞ്ഞ വർഷം ഡൗൺ സിൻഡ്രോം ഉണ്ടെന്ന് സംശയിച്ച് 71-ലധികം കുഞ്ഞുങ്ങളെ ഗർഭച്ഛിദ്രം ചെയ്തിരുന്നു. ഈ വിവേചനം പരിഹരിക്കാൻ നിയമനിർമ്മാണത്തിൽ ഒന്നുമില്ല. ഡൗൺ സിൻഡ്രോം ഉള്ള കുട്ടികൾക്ക് വളരെ സംതൃപ്തമായ ജീവിതം നയിക്കാൻ കഴിയുമെന്നതിന്റെ നിരവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്.ഗർഭച്ഛിദ്രത്തെക്കുറിച്ച് വിവരം നൽകുന്ന ആരോഗ്യ വകുപ്പിന്റെ ബ്രോഷറുകളിലും,വെബ്സൈറ്റുകളിലും തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സാമ്പത്തികവും വൈകാരികവുമായ പിന്തുണ നൽകാൻ കഴിയുന്ന ഏജൻസികളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തേണ്ടത് സർക്കാരിന്റെ ബാധ്യസ്ഥരാണ്. ഈ വിവരങ്ങൾ നൽകാതെ ശക്തമായ ഒരു തിരഞ്ഞെടുപ്പ് നടത്താൻ സ്ത്രീക്ക് സാധ്യമല്ല – പീറ്റർ ആബെറ്റ്സ് പറഞ്ഞു. നിർദിഷ്ട നിയമനിർമ്മാണത്തിന് കീഴിൽ ഗർഭച്ഛിദ്രം ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും ഗൂഗിൾ ചെയ്താൽ അതിനു സഹായകമായ വിവരങ്ങൾ ലഭിക്കും. ‘അബോർഷൻ പെർത്ത്’ എന്നിങ്ങനെ ടൈപ് ചെയ്താൽ പെർത്തിലെ അബോർഷൻ ക്ലിനിക്കുകളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ ലഭിക്കു. എളുപ്പത്തിൽ ഒരു അപ്പോയിന്റ്മെന്റ് എടുക്കാനും ക്ലിനിക്കിലെ ഡോക്ടർക്ക് ഗർഭച്ഛിദ്രം നടത്താനും സാധിക്കും.
ലിംഗാടിസ്ഥാനത്തിലുള്ള ഗർഭച്ഛിദ്രം നിരോധിക്കണം, ഡൗൺ സിൻഡ്രോം ഉണ്ടെന്ന സംശയത്തിന്റെ പേരിൽ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കുന്നത് അവസാനിപ്പിക്കണം, ഗർഭഛിദ്രത്തെ എതിർക്കാനുള്ള ഡോക്ടർമാരുടെയും ജീവനക്കാരുടെയും അവകാശം സംരക്ഷിക്കപ്പെടണം, 13 ആഴ്ചയ്ക്ക് ശേഷം നടത്തുന്ന ഗർഭച്ഛിദ്രത്തിൽ കുഞ്ഞുങ്ങളുടെ വേദന ഒഴിവാക്കണം, വൈകിയുള്ള ഗർഭച്ഛിദ്രത്തെത്തുടർന്ന് ജീവനോടെ ജനിക്കുന്ന ഏതൊരു കുഞ്ഞിനും, മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾക്കു നൽകുന്ന അതേ പരിചരണം നൽകണം തുടങ്ങിയവ നിർദിഷ്ട നിയമനിർമ്മാണത്തിൽ ഉൾപ്പെടുത്തണമെന്നാണ് ഓസ്ട്രേലിയൻ ക്രിസ്റ്റ്യൻ ലോബിയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാനത്തെ എംപിമാർക്ക് നിവേദനം നൽകുമെന്നും പീറ്റർ ആബെറ്റ്സ് അറിയിച്ചു.