വാഷിംഗ്ടണ്‍ : യു.എസില്‍ ഗര്‍ഭഛിദ്രത്തിനുള്ള മിഫപ്രിസ്റ്റോണ്‍ ഗുളികയുടെ അംഗീകാരത്തിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള ഫെഡറല്‍ കോടതി ഉത്തരവ് താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി.
ബുധനാഴ്ചയ്ക്കകം ബന്ധപ്പെട്ടവര്‍ ട്രൈബ്യൂണലിന് മുന്നില്‍ വാദങ്ങള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.കഴിഞ്ഞ 20 വര്‍ഷമായി രാജ്യത്ത് ഉപയോഗിക്കുന്നതാണ് മിഫപ്രിസ്റ്റോണ്‍. മിഫപ്രിസ്റ്റോണിന്റെ അംഗീകാരം തടഞ്ഞുവയ്ക്കാന്‍ ഈ മാസം 7ന് ടെക്സസിലെ ഫെഡറല്‍ കോടതി ജഡ്ജി ഉത്തരവിട്ടിരുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരിക്കെ നിയമിക്കപ്പെട്ട ജഡ്ജിയാണിത്. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിന് ഏഴ് ദിവസം സമയം നല്‍കി.ഒരു മണിക്കൂറിന് പിന്നാലെ ഒബാമ ഭരണകൂടം നിയമിച്ച വാഷിംഗ്ടണിലെ ഫെഡറല്‍ കോടതി ജഡ്ജി യു.എസിലെ 17 ഡെമോക്രാറ്റിക് ഭരണ സംസ്ഥാനങ്ങളിലേക്കുള്ള മിഫപ്രിസ്റ്റോണിന്റെ ഉപയോഗാനുമതി സംരക്ഷിക്കപ്പെടണമെന്നും ഉത്തരവിട്ടു.ഇതോടെ ടെകസസ് കോടതിയുടെ ഉത്തരവ് തടയണമെന്ന് കാട്ടി ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് സുപ്രീം കോടതിയില്‍ അടിയന്തര അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. വിഷയത്തില്‍ അന്തിമ തീരുമാനം ഇനി സുപ്രീം കോടതിയുടേതാണ്.
യു.എസില്‍ ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷയും നിയമസാധുതയും കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതോടെ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളാണ് തീരുമാനമെടുക്കുന്നത്. ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഗര്‍ഭഛിദ്ര നിരോധനത്തിന് എതിരാണ്. ഭരണഘടനാ പരിരക്ഷ പുനഃസ്ഥാപിക്കുന്നതിനായി മുന്നോട്ട് പോകുമെന്നാണ് ബൈഡന്‍ ഭരണകൂടത്തിന്റെ നിലപാട്.കുറഞ്ഞത് 13 സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ അബോര്‍ഷന്‍ അടക്കം നിരോധിക്കുകയോ നിയന്ത്രണമേര്‍പ്പെടുത്തുകയോ ചെയ്തു. ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാ പരിരക്ഷ റദ്ദാക്കിയെതിനെതിരെ യു.എസില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കവെയാണ് ഗുളികയുടെ അംഗീകാരം തടയാനുള്ള നീക്കം.