സെന്റ് ജോണ്‍സ് : വിവാദ വജ്രവ്യാപാരി മെഹുല്‍ ചോക്സിയെ അനുമതിയില്ലാതെ രാജ്യത്ത് നിന്ന് നാടുകടത്തരുതെന്ന് ഉത്തരവിട്ട് ആന്റിഗ്വ ആന്‍ഡ് ബാര്‍ബൂഡ ഹൈക്കോടതി ഉത്തരവ്.
മാര്‍ച്ചില്‍ ചോക്സിയെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് ലിസ്റ്റില്‍ നിന്ന് നീക്കിയിരുന്നു. ഇതോടെ, ചോക്സിക്ക് ആന്റിഗ്വയ്ക്ക് പുറത്തേക്ക് സഞ്ചരിക്കാനുള്ള തടസം നീങ്ങിയിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തി ചോക്സി ഇന്ത്യവിടുകയായിരുന്നു. 2021ല്‍ ആന്റിഗ്വയില്‍ നിന്ന് ചോക്സി ക്യൂബയിലേക്ക് കടക്കുന്നതിനിടെ ഡൊമിനിക്കയില്‍ പൊലീസിന്റെ പിടിയിലായെങ്കിലും പിന്നീട് ഡൊമിനിക്കന്‍ കോടതി കേസ് പിന്‍വലിച്ച് ആന്റിഗ്വയിലേക്ക് തന്നെ തിരിച്ചയച്ചു.
ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നായിരുന്നു ചോക്സിയുടെ ആരോപണം. പിന്നാലെ ചോക്സി ആന്റിഗ്വന്‍ പൗരത്വം നേടി. ചോക്സിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ഇ.ഡി, സി.ബി.ഐ ശ്രമങ്ങള്‍ക്ക് കോടതി വിധി തിരിച്ചടിയാകും.