പ്രശസ്തര്‍ മരിച്ചുവെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ക്കാണ് ഇത്തരം പ്രചരണങ്ങളുടെ കയ്പ്പ് കൂടുതല്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. മുതിര്‍ന്ന സിനിമാ, സീരിയല്‍ താരം ടി എസ് രാജുവാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണത്തിന്‍റെ പുതിയ ഇര. സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ഇന്ന് പുലര്‍ച്ചെ മുതലാണ് ടി എസ് രാജു അന്തരിച്ചുവെന്ന തരത്തില്‍ പ്രചരണം നടന്നത്.
താന്‍ പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുകയാണെന്ന് ടി എസ് രാജു പറഞ്ഞതായി നടന്‍ കിഷോര്‍ സത്യ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ പ്രചരണം കണ്ട് കിഷോര്‍ ഇന്ന് രാവിലെ രാജുവിനെ നേരിട്ട് വിളിക്കുകയായിരുന്നു. വ്യാജ പ്രചരണത്തിലുള്ള ബുദ്ധിമുട്ട് അറിയിച്ച അദ്ദേഹം പുലര്‍ച്ചെ മുതല്‍ ഫോണ്‍ കോളുകളുടെ ബഹളമാണെന്നും അറിയിച്ചു.
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് ടി എസ് രാജു. സിനിമകളിലേതിനേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചത് ടെലിവിഷന്‍ പരമ്പരകളില്‍ ആയിരുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറിലെ ഗോവിന്ദന്‍ അടക്കം ചില മികവുറ്റ കഥാപാത്രങ്ങള്‍ ബിഗ് സ്ക്രീനിലും അദ്ദേഹത്തിന് ഉണ്ട്.