പെർത്ത്: ഗർഭഛിദ്രത്തിനിടെ ജീവനോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും അബോർഷൻ നിയമ പരിഷ്കരണ ബില്ലിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിച്ചും ചർച്ച സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 28-ന് പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ സൗത്ത് പെർത്ത് കമ്മ്യൂണിറ്റി സെന്ററിൽ വൈകുന്നേരം ഏഴ് മുതൽ ഒൻപതു വരെയാണു പരിപാടിയെന്നു ചർച്ചയ്ക്കു നേതൃത്വം നൽകുന്ന നിക്ക് ഗൊയ്മാൻ എം.എൽ.സി അറിയിച്ചു.
ഗർഭഛിദ്രം എളുപ്പത്തിൽ സാധ്യമാകാൻ സഹായിക്കുന്ന അബോർഷൻ നിയമ പരിഷ്കരണ ബിൽ വെസ്റ്റേൺ ഓസ്ട്രേലിയ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. ബില്ലിന്മേലുള്ള ചർച്ച ഉപരിസഭയിൽ ഈ ആഴ്ച ആരംഭിക്കാനിരിക്കെയാണ് ചർച്ച സംഘടിപ്പിക്കുന്നത്.സംസ്ഥാനത്തെ ഗർഭഛിദ്ര നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് 25 വർഷമായി പ്രോ-ലൈഫ് സമൂഹങ്ങൾ ശബ്ദം ഉയർത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ വർഷവും മെയ് മാസത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയൻ പാർലമെന്റിനു മുന്നിൽ സമാധാനപരമായ റാലികൾ സംഘടിപ്പിക്കുന്നുണ്ട്. ഗർഭസ്ഥ ശിശുക്കളെ അബോർഷനിൽ നിന്ന് സംരക്ഷിക്കണമെന്നാണ് പ്രോ-ലൈഫ്പ്രവർത്തകർ പ്രധാനമായും ആവശ്യപ്പെടുന്നത്. അതുപോലെ ഗർഭഛിദ്രത്തിനിടെ ജീവനോടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആവശ്യമായ വൈദ്യപരിചരണം നൽകണമെന്നും ആവശ്യം ഉയരുന്നുണ്ട്.
പരിപാടിയിൽ കേറ്റ് ഡൗസ്റ്റ് എംഎൽസി, അഡ്‌ലൈഡ് സർവകലാശാലയിലെ നിയമ പ്രൊഫസറായ ഡോ. ജോവാന ഹോവ് എന്നിവർ സംസാരിക്കും. അബോർഷൻ നിയമ പരിഷ്കരണ ബില്ലിൽ ഗർഭസ്ഥ ശിശുക്കൾക്ക് അനുകൂലമായി താൻ മുന്നോട്ടുവച്ച ഭേദഗതികളെക്കുറിച്ച് നിയമസഭാംഗമായ കേറ്റ് ഡൗസ്റ്റ് സംസാരിക്കും. ഡോ. ജോവാന ഹോവ്, പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നടപ്പാക്കാനൊരുങ്ങുന്ന ബില്ലിലെ പ്രശ്നങ്ങളെക്കുറിച്ചും 2021-ൽ സൗത്ത്ഓസ്ട്രേലിയയിലെ ഗർഭഛിദ്ര നിയമങ്ങളിൽ വിജയകരമായി ഉൾപ്പെടുത്തിയ ഭേദഗതികളെക്കുറിച്ചും വിശദീകരിക്കും.
ചർച്ചയിൽ പങ്കെടുക്കാൻ പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്ത് സീറ്റ് ഉറപ്പാക്കാമെന്ന് സംഘാടകരായ കോഅലീഷൻ ഫോർ ദ ഡിഫൻസ് ഓഫ് ഹ്യൂമൻ ലൈഫ് അറിയിച്ചു.
ടിക്കറ്റുകൾ ലഭിക്കാൻ ചുവടെയുള്ള ലിങ്ക് സന്ദർശിക്കുക:
https://cdhl.org.au/event/townhall- discussion-to-protect-babies-born-alive/































