വിവാഹം കഴിക്കുകയോ കുട്ടികളുണ്ടാകുകയോ ചെയ്യാത്തതിൽ ഖേദം പ്രകടിപ്പിക്കുന്ന മധ്യവയസ്കരായ അവിവാഹിതരായ സ്ത്രീകളെ പ്രമേയമാക്കിയുള്ള എഐ ഓൺലൈൻ വിഡിയോകൾ ഉപയോഗിച്ച് ചൈനയിൽ ക്യാംപെയ്ൻ. യുവാക്കളെ സ്വാധീനിക്കാനും വിവാഹം കഴിച്ച് കുടുംബജീവിതം തുടങ്ങാൻ അവരെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ വിഡിയോകൾ പങ്കുവയ്ക്കപ്പെടുന്നത്.
ഈ വിഡിയോകളിൽ, ആശുപത്രി അന്തരീക്ഷത്തിലിരുന്ന് കരയുന്ന സ്ത്രീകളെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഏകാന്തതയിൽ വേദനിക്കുന്നവരായും മുൻകാല തീരുമാനങ്ങളിൽ ദുഃഖിക്കുന്നവരായുമാണ് ഇവരെ അവതരിപ്പിക്കുന്നത്. ഒരു വിഡിയോയിൽ, 58 വയസ്സുള്ള ഒരു സ്ത്രീ ചെറുപ്പത്തിൽ വിവാഹം കഴിക്കുകയോ കുട്ടികളുണ്ടാകുകയോ ചെയ്യാത്തതിൽ ഖേദം പങ്കുവയ്ക്കുന്നു. കൂട്ടിന് ആരുമില്ലാത്തതിനാൽ ഇപ്പോൾ ആശുപത്രിയിൽ പോകുന്നതുപോലും ഒറ്റയ്ക്കാണെന്നും അവർ പറയുന്നു.
മറ്റൊരു വിഡിയോയിൽ 56 വയസ്സുള്ള സ്ത്രീയെയാണു കാണിക്കുന്നത്. വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും മാതാപിതാക്കൾ ഉപദേശിച്ചിരുന്നെങ്കിലും അതൊരു ബാധ്യതയായി കണ്ട് താൻ അവഗണിച്ചെന്ന് ഈ കഥാപാത്രം വിശദീകരിക്കുന്നു. ഇപ്പോൾ ആ തീരുമാനം തന്നെ ഏകാന്തതയിലേക്ക് നയിച്ചു. ഈ സ്ത്രീ ചൈനയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗാൻസുവിൽ നിന്നുള്ളയാളാണെന്ന് വിഡിയോപോസ്റ്റ് ചെയ്തയാൾ അടിക്കുറിപ്പിൽ അവകാശപ്പെടുന്നു. എന്നാൽ എഐ നിർമിതമായ ഒരു കഥാപാത്രം മാത്രമാണ് യഥാർഥത്തിൽ ഇവർ.
പല ദൃശ്യങ്ങളിലും സ്ത്രീകൾ ആശുപത്രി ഇടനാഴികളിൽ നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇവർ തങ്ങളുടെ നിരാശയും ദുഃഖവും പങ്കുവയ്ക്കുമ്പോൾ ചുറ്റുമുള്ളവർ നിശബ്ദരായി നോക്കിനിൽക്കുന്നു. ആശുപത്രി പശ്ചാത്തലം ഈ വിഡിയോകളിലെ ഏകാന്തതയുടെ പ്രതീതി കൂട്ടുന്നുണ്ട്.
മറ്റൊരു വിഡിയോയിൽ, കുട്ടികളില്ലാത്ത ഒരു മധ്യവയസ്ക കുട്ടികൾ വേണ്ടെന്നു തിരഞ്ഞെടുത്തതിൽ ഖേദിക്കുന്നതു കാണാം. സമീപത്തെ കിടക്കയിലുള്ള രോഗിയെ പരിചരിക്കാൻ അവരുടെ കുടുംബാംഗങ്ങൾ എത്തിയിരിക്കുന്നത് കാണുമ്പോൾ തനിക്ക് കൂടുതൽ ഏകാന്തത അനുഭവപ്പെടുന്നെന്ന് ഇവർ പറയുന്നു.
വിവാഹം, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെക്കുറിച്ച് വൈകാരിക സന്ദേശം യുവാക്കൾക്ക് നൽകാനാണ് ഈ എഐ നിർമിത വിഡിയോകൾ ശ്രമിക്കുന്നതെന്നാണു വിലയിരുത്തൽ. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിവാഹനിരക്കാണ് അടുത്തകാലത്തായി ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിവോഴ്സ് നിരക്കു മുകളിലേക്കു കുതിക്കുകയും ജനനത്തോത് കുറയുകയും ചെയ്യുന്നത് വലിയ ആശങ്കയാണു രാജ്യത്തുണ്ടാക്കിയിരിക്കുന്നത്. വിവാഹങ്ങളും ജനനനിരക്കും കൂട്ടാനായി വലിയ ശ്രമങ്ങൾ സർക്കാർ തലത്തിൽ തന്നെ ചൈനയിൽ നടക്കുന്നുണ്ട്.































