കൊല്ലം: ഐഷ പോറ്റി കോൺഗ്രസ്സിൽ ചേർന്നതിൽ വൈകാരിക പ്രതികരണവുമായി മന്ത്രി കെഎൻ ബാലഗോപാൽ. കുടുംബത്തിലെ ജ്യേഷ്ഠ സഹോദരിയെ പോലെ കണ്ടയാളാണ് ഐഷ പോറ്റിയെന്നും നമ്മളെ തകർക്കാൻ നിൽക്കുന്നവർക്കൊപ്പം ചേർന്നതിൽ അതീവ ദു:ഖമുണ്ടെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. കോൺഗ്രസ്സിൽ പോകാൻ പാടില്ലായിരുന്നു. വ്യക്തിപരമായി ദേഷ്യമില്ല. പോയതിൽ പിന്നീട് വിഷമിക്കുമെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.
യുഡിഎഫ് സഹകരണ ചർച്ചകൾക്കിടെ ഐഷാ പോറ്റി, കേന്ദ്ര വിരുദ്ധ പോരാട്ടത്തിന് കോൺഗസ് സംഘടിപ്പിച്ച രാപ്പകൽ സമര വേദിയിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചായിരുന്നു ഐഷ എത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഇവരെ സ്വീകരിച്ചത്. സമര വേദിയിൽ വെച്ച് ഐഷ പോറ്റിക്ക് കോൺഗ്രസ് അംഗത്വം നൽകി. കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പ്രതിപക്ഷ നേതാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.
അതിനിടെ, കോൺഗ്രസിലേക്കുള്ള കൂറുമാറ്റത്തിന് പിന്നാലെയുള്ള സിപിഎം നേതാക്കളുടെ വിമർശത്തിന് മറുപടിയുമായി മുൻ എംഎൽഎ ഐഷ പോറ്റി രംഗത്തെത്തിയിരുന്നു. വർഗ വഞ്ചക എന്ന് വിളിക്കുന്നവർ മറ്റ് പാർട്ടിയിൽ നിന്ന് സിപിഎമ്മിലേക്ക് വന്ന സരിൻ്റേയും, ശോഭന ജോർജിന്റെയും കാര്യമോർക്കണമെന്നായിരുന്നു ഐഷ പോറ്റിയുടെ വിമര്‍ശനം. കൂടുതൽ സ്വാതന്ത്ര്യത്തോടെ ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എല്ലാം തന്നെന്ന് പറഞ്ഞ പാർട്ടി ഇന്നില്ലെന്നും ഐഷ പോറ്റി പറഞ്ഞു.































