യുഎസിൽ നാഷണൽ സയൻസ് ബോർഡിലെ മുഴുവൻ അംഗങ്ങളെയും ഡോണൾഡ് ട്രംപ് പിരിച്ചുവിട്ടു. അമേരിക്കയുടെ ശാസ്ത്ര-എഞ്ചിനീയറിംഗ് നയങ്ങളിൽ പ്രസിഡന്റിനും യുഎസ് കോൺഗ്രസിനും ഉപദേശം നൽകുന്ന സ്വതന്ത്ര സമിതിയാണ് 1950-ൽ സ്ഥാപിതമായ ഈ ബോർഡ്. പുതിയ ഭരണകൂടത്തിന്റെ നയങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കമെന്ന് കരുതുന്നു.
ശാസ്ത്ര സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ വിമർശിച്ചു. അമേരിക്കയിലെ പ്രശസ്ത ശാസ്ത്ര ഗവേഷണ ഏജൻസിയായ നാഷണൽ സയൻസ് ഫൗണ്ടേഷന്റെ (NSF) മേൽനോട്ട ചുമതലയുള്ളതാണ് നാഷണൽ സയൻസ് ബോർഡ്. ഇതിലെ 20-ലധികം വരുന്ന ബോർഡ് അംഗങ്ങൾക്ക് ഇന്നലെയാണ് പിരിച്ചുവിട്ടെന്ന അറിയിപ്പ് ലഭിച്ചത്. മുന്നറിയിപ്പില്ലാതെയായിരുന്നു നടപടി. സാധാരണ ശാസ്ത്രജ്ഞരും അക്കാദമിക് വിദഗ്ധരും ഉൾപ്പെടുന്ന ബോർഡിലെ 25-ഓളം അംഗങ്ങൾക്ക് ആറ് വർഷത്തെ കാലാവധി ജോലിയിൽ ലഭിക്കാറുണ്ട്.
ഏകദേശം 9 ബില്യൺ ഡോളറിന്റെ വാർഷിക ഫണ്ടിംഗ് തീരുമാനങ്ങളിൽ ബോർഡിന് നിർണ്ണായക പങ്കുണ്ട്. അതേസമയം ശാസ്ത്ര സംബന്ധിയായ വിഷയങ്ങളിൽ രാഷ്ട്രീയം കലർത്താനുള്ള നീക്കമാണിതെന്ന് ശാസ്ത്രലോകം വിമർശിക്കുന്നു. ഗവേഷണങ്ങൾക്കടക്കം നൽകിവരുന്ന ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് മുൻ ബോർഡ് അംഗങ്ങൾ ആരോപിച്ചു.




























