നെടുങ്കണ്ടം: കോൺഗ്രസ് ഭരിക്കുന്ന നെടുങ്കണ്ടം ഇടുക്കി ജില്ലാ ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് സൊസൈറ്റിക്കെതിരെ പരാതിയുമായി നിക്ഷേപകർ രംഗത്ത്. ചികിത്സക്കും വീട് വയ്ക്കാനുമൊക്കെ കരുതി വച്ച് നിക്ഷേപിച്ച പണം തിരികെ കിട്ടാൻ ദിവസവും ബാങ്കിൽ കയറി ഇറങ്ങുകയാണിവർ.
ഇക്കൂട്ടത്തിലൊരാളാണ് പദ്മനാഭനും ഭാര്യ വിജയമ്മയും. പദ്മനാഭൻ ക്യാൻസർ രോഗിയും ഭാര്യ ഹൃദ്രോഗിയുമാണ്. പ്രായാധിക്യം മൂലമുള്ള മറ്റ് അസുഖങ്ങളുമുണ്ട്. ഡിആർഡിഒ യിലെ ജോലിയിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ തുകയും ബംഗളൂരുവിലെ സ്ഥലവും വീടും വിറ്റ് കിട്ടിയ പണത്തിൽ നിന്നും ചികിത്സ കഴിഞ്ഞ് ബാക്കിയുണ്ടായിരുന്നതുമാണ് ഇടുക്കി ജില്ല ഡീലേഴ്സ് സഹകരണ സംഘത്തിൽ നിക്ഷേപിച്ചത്. മൂന്നു പേരുടെ പേരിലായി പതിനഞ്ചു ലക്ഷം രൂപയുണ്ട്. ആശുപത്രിയിൽ പോകാൻ പണം ചോദിച്ചപ്പോൾ കിട്ടിയില്ല .
നെടുങ്കണ്ടത്ത് മൈക്ക് സെറ്റ് വാടകക്ക് നൽകി മിച്ചം പിടിച്ച പൈസ വീട് പണിയുമ്പോൾ എടുക്കാനാണ് വിജയൻ നിക്ഷേപിച്ചത്. പണം തിരികെ കിട്ടാത്തതിനാൽ വീടു പണി പാതി വഴിയിൽ മുടങ്ങി. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഭരിക്കുന്ന ബാങ്കിൽ അഞ്ചു ലക്ഷം മുതൽ മുപ്പത് ലക്ഷം രൂപ വരെ നിക്ഷേപിച്ച നൂറ്റിഅൻപതിലധികം പേരാണ് ഇങ്ങനെ പ്രതിസന്ധിയിലായിരിക്കുന്നത്. ആവശ്യ സമയത്ത് ഇവർക്ക് പണം കിട്ടാതെ വന്നതോടെയാണ് അഴിമതി പുറത്തായത്. 36 കോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്നാണ് ആക്ഷേപം. അതേ സമയം മുൻ ജീവനക്കാർ നടത്തിയ നിയമ ലംഘനങ്ങളാണ് ബാങ്കിനെ കടക്കെണിയിൽ ആക്കിയതെന്നാണ് ഭരണ സമിതിയുടെ മറുപടി.
ക്രമക്കേടിനെ തുടർന്ന് സസ്പെൻഡ് ചെയ്ത മുൻ സെക്രട്ടറി ഇപ്പോൾ ഒളിവിലാണ്. സഹകാരികൾ അറിയാതെ അവരുടെ പേരിൽ വായ്പ എടുത്തിട്ടുണ്ടെന്നും ആരോപണമുണ്ട്. പണം നിക്ഷേപിച്ച് വെട്ടിലായവർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഇപ്പോൾ സമരത്തിലാണ്. ക്രമക്കേട് സംബന്ധിച്ച് പൊലീസിനും സഹകകരണ വകുപ്പിനും ഭരണ സമിതി പരാതി നൽകിയിരിക്കുകയാണ്.