സിഡ്നി :ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലായി ‘മാർച്ച് ഫോർ ഓസ്ട്രേലിയ’ കുടിയേറ്റ വിരുദ്ധ റാലികൾ ഓഗസ്റ്റ് 31ന് നടക്കും. ഓസ്ട്രേലിയ ഫസ്റ്റ് പോലുള്ള തീവ്ര വലതുപക്ഷ കൂട്ടായ്മകളാണ് ഈ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ടേക്ക് അവർ കൺട്രി ബാക്ക്’ എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന റാലികൾ മെൽബൺ, സിഡ്നി, ബ്രിസ്ബേൻ, കാൻബറ ഉൾപ്പടെ പ്രധാന നഗരങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. പൊലീസ് ഹൈ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണെന്നും, പൊതു ഗതാഗത കേന്ദ്രങ്ങളും നഗരത്തിലെ പ്രധാന സ്ഥലങ്ങളും കടുത്ത സുരക്ഷാ സംവിധാനത്തിലായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഇത്തരം പ്രതിഷേധങ്ങൾക്ക് ഓസ്ട്രേലിയയിൽ സ്ഥലം ഇല്ലെന്നാണ് ഫെഡറൽ മന്ത്രി ടോണി ബർക്കിന്റെ പ്രതികരണം. ജാതിവിവേചനപരമായ നടപടിയാണിതെന്നാണ് മന്ത്രി ആൻ ആലി പ്രതികരിച്ചത്. അതേസമയം, എതിർപ്രകടനങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് അവിടുത്തെ ഇടതുപക്ഷ സംഘടനകൾ.






























