തിരുവനന്തപുരം: വിവാദ നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ നടത്തിയ ഫണ്ട് തട്ടിപ്പ് കേസിലാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ നിയമനക്കോഴയുടെ മുഖ്യ ആസൂത്രകർ റഹീസ് ഉൾപ്പെടുന്ന കോഴിക്കോട് സംഘമെന്നാണ് അഖിൽ സജീവ് മൊഴി നൽകിയത്.
ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് എന്ന രീതിയിൽ ആൾമാറാട്ടം നടത്തി പണം തട്ടിയത് ഈ സംഘമാണെന്നും അഖിൽ സജീവിന്റെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരനായ ഹരിദാസനെ അറിയില്ലെന്നും അഖിൽ പറഞ്ഞിട്ടുണ്ടെങ്കിലും മൊഴികൾ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പരാതിക്കാരനായ ഹരിദാസൻ ഒളിവിൽ പോയെന്നും കന്‍റോൺമെന്‍റ് പൊലീസ് പറയുന്നു. അതേസമയം, അഖിൽ സജീവ് ഉൾപ്പെട്ട സ്പൈസസ് ബോർഡ് തട്ടിപ്പ് കേസിൽ യുവമോർച്ച നേതാവിനെയും പത്തനംതിട്ട പൊലീസ് പ്രതിചേർത്തിട്ടുണ്ട്.



























