കീറ്റോ: ലാറ്റിനമേരിക്കൻ രാജ്യമായ എക്വഡോറില്‍ തത്സസമയ സംപ്രേഷണത്തിനിടെ ചാനല്‍ സ്റ്റുഡിയോയിലേക്ക് അതിക്രമിച്ചു കയറി തോക്കുധാരികള്‍.
ഗ്വയാക്വില്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടിസി ടെലിവിഷന്‍ ചാനല്‍ സ്റ്റുഡിയോയിലാണ് ആക്രമിസംഘം എത്തിയത്. മുഖംമൂടി ധരിച്ച സംഘമാണ് ലൈവ് പരിപാടി നടക്കുന്നതിനിടെ ചാനല്‍ സ്റ്റുഡിയോയില്‍ കടന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ബന്ദികളാക്കുകയും ചെയ്തത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗുണ്ട സംഘങ്ങളുടെ അഴിഞ്ഞാട്ടം.
പിസ്റ്റളും ഗ്രനേഡുമായാണ് സംഘം സ്റ്റുഡിയോയില്‍ എത്തിയത്. ആക്രമികള്‍ സ്റ്റുഡിയോയില്‍ പ്രവേശിക്കുന്നതിന്റെയും ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നതിന്റെയും തത്സമയ ദൃശ്യങ്ങളും പുറത്തുവന്നു.
ചാനല്‍ സ്റ്റുഡിയോയിലേക്ക് അതിക്രമിച്ചു കയറിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്‍റ് മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.






























