കാനഡയ്‌ക്കും യു.കെയ്‌ക്കും പിന്നാലെ വിസ നിയമങ്ങള്‍ കര്‍ശനമാക്കാൻ ഒരുങ്ങി ഓസ്ട്രേലിയ. വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കുമുള്ള വിസ നിയമങ്ങള്‍ ആണ് കര്‍ശനമാക്കുന്നത്.
ഇത്തരത്തില്‍ രാജ്യത്ത് എത്തുന്നവരുടെ എണ്ണം 2 വര്‍ഷത്തിനകം പകുതിയായി കുറയ്‌ക്കുകയാണു ലക്ഷ്യം. സമീപകാലത്ത് ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു. ഇതോടെ താമസം അടക്കമുള്ള അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ സര്‍ക്കാരിനു വെല്ലുവിളിയായി.
2022-23 കാലയളവില്‍ സ്റ്റുഡന്റ് വിസയും മറ്റു വീസകളുമുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നായി ഓസ്‌ട്രേലിയയിലേക്കെത്തിയത് 5,10,000 പേരാണ്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
2025 ജൂണോടെ ഇതു 2.50 ലക്ഷമായി കുറയ്‌ക്കാനാണു സര്‍ക്കാരിന്റെ നീക്കം. വരുന്ന 10 വര്‍ഷം മുന്നില്‍ കണ്ടുള്ള പുതിയ കുടിയേറ്റ നയം സര്‍ക്കാര്‍ രൂപീകരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി ക്ലെയര്‍ ഒനീല്‍ വ്യക്തമാക്കി.






























