കാൻബറ: ഇറാനെതിരെയുള്ള യുദ്ധത്തിൽ പങ്കുചേരാനുള്ള സാധ്യതകൾ ആരാഞ്ഞ് ഓസ്‌ട്രേലിയൻ പ്രതിരോധ സേനയുടെ തയ്യാറെടുപ്പുകൾ ആരംഭിച്ചു. കരയുദ്ധത്തിൽ നേരിട്ട് പങ്കെടുക്കില്ലെന്ന് ആൽബനീസ് സർക്കാർ ആവർത്തിക്കുമ്പോഴും, ബ്രിസ്‌ബേൻ ആസ്ഥാനമായുള്ള സൈന്യത്തിന്റെ ഫസ്റ്റ് ഡിവിഷനോട് മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കപ്പെടാനുള്ള പ്രാഥമിക നടപടികൾ ആരംഭിക്കാൻ സൈനിക നേതൃത്വം നിർദ്ദേശം നൽകി. യുദ്ധത്തിൽ ഓസ്‌ട്രേലിയയുടെ പങ്കാളിത്തം സംബന്ധിച്ച് സർക്കാരിന് മുന്നിൽ വിവിധ ബദൽ മാർഗ്ഗങ്ങൾ സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ബ്രിസ്‌ബേൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർമിയുടെ ഫസ്റ്റ് ഡിവിഷൻ (1st Division) മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കുന്നതിനായുള്ള പ്രാഥമിക ആസൂത്രണങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇറാഖിലും സിറിയയിലും മുൻപ് പ്രവർത്തിച്ചിട്ടുള്ള ഈ വിഭാഗത്തെ സജ്ജമാക്കുന്നത് സർക്കാരിന് കൂടുതൽ സൈനിക ഓപ്ഷനുകൾ നൽകുന്നതിൻ്റെ ഭാഗമായാണ്.ഓസ്‌ട്രേലിയ ഏകദേശം 85 പ്രതിരോധ ഉദ്യോഗസ്ഥരെയും ഒരു ബോയിംഗ് ഇ-7 വെഡ്‌ഗെറ്റൈൽ (Boeing E-7 Wedgetail) നിരീക്ഷണ വിമാനത്തെയും മിഡിൽ ഈസ്റ്റിലേക്ക് അയക്കും. കൂടാതെ, ഇറാനിയൻ ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിക്കാൻ വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകളും (AIM-120 AMRAAM) നൽകും.ഇറാനെതിരെ നേരിട്ടുള്ള യുദ്ധത്തിലോ കരസേനാ നീക്കങ്ങളിലോ (ground war) ഓസ്‌ട്രേലിയ പങ്കാളിയാകില്ലെന്ന് വിദേശകാര്യ മന്ത്രി പെനി വോങ് വ്യക്തമാക്കിയിട്ടുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന പ്രകാരമുള്ള “കൂട്ടായ സ്വയം പ്രതിരോധം” (collective self-defence) മാത്രമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസി അറിയിച്ചു.ഈ ആഴ്ച പകുതിയോടെ സൈനിക സംഘം ഓസ്‌ട്രേലിയയിൽ നിന്ന് തിരിക്കുമെന്നും വാരാന്ത്യത്തോടെ അവർ പ്രവർത്തനസജ്ജമാകുമെന്നുമാണ് കരുതുന്നത്. പ്രാഥമികമായി നാല് ആഴ്ചത്തേക്കാണ് ഈ ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്.
ആകാശയുദ്ധം വൈകാതെ തന്നെ ഒരു കരയുദ്ധത്തിലേക്ക് നീങ്ങുമെന്നും അമേരിക്കൻ സൈന്യം ഉടൻ ഇറാൻ മണ്ണിൽ ഇറങ്ങുമെന്നുമാണ് മുൻ ഓസ്‌ട്രേലിയൻ സ്ഥാനപതി ജോ ഹോക്കി പ്രവചിക്കുന്നത്. ഏകദേശം പത്ത് ലക്ഷത്തോളം സൈനികരുള്ള ഇറാന്റെ ഭൂപ്രകൃതി അമേരിക്കൻ സഖ്യസേനയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
അതേസമയം, ഇറാന്റെ ആക്രമണത്തിന് ഇരയായ 15 രാജ്യങ്ങൾ ഓസ്‌ട്രേലിയയോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി പെനി വോങ് വ്യക്തമാക്കി. ഇറാനിൽ ഭരണം മാറണമെന്നാണ് ആഗ്രഹമെങ്കിലും തങ്ങളുടെ സൈന്യത്തെ യുദ്ധഭൂമിയിലേക്ക് അയക്കില്ലെന്ന് അവർ ആവർത്തിച്ചു. എന്നാൽ, നിലവിൽ തന്നെ അമേരിക്കൻ യുദ്ധക്കപ്പലുകളിൽ ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ശ്രീലങ്കയ്ക്ക് സമീപം ഇറാന്റെ യുദ്ധക്കപ്പലായ ‘ദേന’ മുക്കിയ അമേരിക്കൻ അന്തർവാഹിനിയിൽ മൂന്ന് ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു എന്നത് ഈ യുദ്ധത്തിൽ ഓസ്‌ട്രേലിയയുടെ പരോക്ഷ സാന്നിധ്യം വ്യക്തമാക്കുന്നു. ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓസ്‌ട്രേലിയ യുദ്ധത്തെ പിന്തുണയ്ക്കുന്നത്.































