സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ഭീകരാക്രമണ സംഭവത്തിന് പിന്നാലെ സിഡ്‌നിയിലും പരിസരങ്ങളിലും നാട്ടുകാർ തോക്ക് വാങ്ങിക്കൂട്ടുന്നതായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരും ഒരേ ലൈസൻസിൽ ഒന്നിലധികം തോക്കുകൾ വാങ്ങുന്നതായാണ് റിപ്പോർട്ട്.
ന്യൂ സൗത്ത് വെയിൽസിൽ ചിലർ ഒരു ലൈസൻസ് വഴി നിരവധി തോക്കുകളാണ് ആവശ്യപ്പെടുന്നത്. ഇവരിൽ കൂടുതൽ പേരും സിഡ്‌നിക്ക് ചുറ്റും താമസിക്കുന്നവരാണ്. ഇവർ ഡീലർമാരോ തോക്കുകൾ ശേഖരിക്കുന്ന ഹോബിയുള്ളവരോ അല്ല. സിഡ്‌നിയിലെ ചില ഗൺ ലൈസൻസുള്ള ഉടമകൾക്ക് നൂറുകണക്കിന് തോക്കുകളുണ്ടെന്ന് ഫയർ ആംസ് രജിസ്ട്രി ഡാറ്റ വ്യക്തമാക്കുന്നു.
തോക്ക് ലൈസൻസുള്ള ഏകദേശം 41 ശതമാനം പേരും സിഡ്‌നി, ന്യൂകാസിൽ, വോല്ലൊൻഗോങ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ താമസിക്കുന്നവരാണ്. സിഡ്‌നിയിൽ തോക്ക് കൈവശം വയ്ക്കാൻ ലൈസൻസുള്ള ഒരാൾ മൂന്നോ അതിലധികമോ തോക്കുകൾ സ്വന്തമാക്കുന്നുണ്ട്.
തെക്ക്-പടിഞ്ഞാറൻ സിഡ്‌നിയിലെ കാംഡൻ ആണ് ഏറ്റവും കൂടുതൽ ലൈസൻസ് ഉള്ള തോക്ക് ഉടമകളുള്ളത് 2,621 പേർ .വിൻഡ്‌സർ (2,232), ലിവർപൂൾ (2,010), വയോങ് (1,736), ഗോസ്ഫോർഡ് (1,587), കാംപ്ബെൽടൗൺ (1,433) എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ കണക്കുകൾ.
രാജ്യത്ത് 40 ലക്ഷത്തിലധികം തോക്കുകൾ പൊതുജനങ്ങൾ നിയമപരമായി കൈവശം വെക്കുന്നുണ്ടെന്ന് ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. നിയമപരമായി രജിസ്റ്റർ ചെയ്ത തോക്കുകൾക്ക് പുറമെ രാജ്യത്തൊട്ടാകെ ഏകദേശം രണ്ട് ലക്ഷത്തിലധികം അനധികൃത തോക്കുകളുണ്ടെന്നാണ് കണക്കുകൾ .































