പോർട്ട്‌ലാൻഡ്, ഓറിഗൻ: ഓസ്‌ട്രേലിയയിലെ വൈദ്യശാസ്ത്ര മേഖലയിൽ വൻ കോളിളക്കം സൃഷ്ടിച്ച ബുണ്ടാബെർഗ് ആശുപത്രി വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി താനത് മറന്നു എന്ന പ്രതികരണവുമായി ഇന്ത്യൻ വംശജനായ സർജൻ ഡോ. ജയന്ത് പട്ടേൽ രംഗത്ത്. ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായിട്ടാണ് ഡോ. ജയന്ത് പട്ടേൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. നിലവിൽ 75 വയസ്സുള്ള ഡോ. ജയന്ത് പട്ടേൽ ഇതിന് മുൻപ് അവസാനമായി മാധ്യമങ്ങളോട് പ്രതികരിച്ചത് 2015ലായിരുന്നു.
‘സംഭവം നടന്നിട്ട് വർഷങ്ങളായി. ഞാനത് പൂർണ്ണമായും മറന്നു. ഞാൻ അതിനെ അതിജീവിച്ച് എന്റെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. വിഡ്ഢിത്തം നിറഞ്ഞ വിമർശനങ്ങളോട് ഞാൻ പ്രതികരിക്കുന്നില്ല. എനിക്ക് കുഴപ്പമൊന്നുമില്ല.’ എന്നായിരുന്നു ഡോ. ജയന്ത് പട്ടേലിന്റെ പ്രതികരണം.
2003 മുതൽ 2005 വരെ ക്വീൻസ്‌ലാൻഡിലെ ബുണ്ടാബെർഗ് ബേസ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഡോ. ജയന്ത് പട്ടേൽ വിവാദത്തിൽ അകപ്പെടുന്നത്. തെറ്റായ ശസ്ത്രക്രിയകൾ, തെറ്റായ രോഗനിർണയങ്ങൾ, അപകടകരമായ അശ്രദ്ധ എന്നിവയാണ് ഡോക്ടറിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ. ഇതോടെയാണ് ഡോ. ജയന്ത് പട്ടേലിന് പൊതുജനങ്ങൾ ‘ഡോക്ടർ ഡെത്ത്’ എന്ന വിളിപ്പേര് നൽകിയത്.
ഇന്ത്യയിൽ ജനിച്ച് പരിശീലനം നേടിയ ഡോ. ജയന്ത് പട്ടേൽ ഓസ്‌ട്രേലിയയിൽ എത്തുന്നതിന് മുൻപ് തന്നെ ന്യൂയോർക്കിലും ഓറിഗനിലും അച്ചടക്ക നടപടികൾ നേരിട്ടിരുന്ന വ്യക്തിയായിരുന്നു. ബുണ്ടാബെർഗ് ആശുപത്രി വിവാദങ്ങളെ തുടർന്ന് 2008ൽ യുഎസ് അധികൃതർ ഡോ. ജയന്ത് പട്ടേലിനെ അറസ്റ്റ് ചെയ്തു. പിന്നീട് ഡോക്ടറിനെ ഓസ്‌ട്രേലിയയിലേക്ക് നാടുകടത്തുകയായിരുന്നു.
2010ൽ, മൂന്ന് രോഗികളുടെ മരണത്തിൽ നരഹത്യ കുറ്റത്തിനും അപകടകരമായ അശ്രദ്ധ കാരണം ഒരു രോഗിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നതിനും ഡോ. ജയന്ത് പട്ടേൽ ശിക്ഷിക്കപ്പെട്ടു. ഏഴ് വർഷത്തെ തടവാണ് കോടതി വിധിച്ചത്. എന്നാൽ രണ്ട് വർഷത്തിന് ശേഷം, ഓസ്‌ട്രേലിയയിലെ പരമോന്നത കോടതി ശിക്ഷകൾ റദ്ദാക്കുകയും 2013 ആയപ്പോഴേക്കും പ്രോസിക്യൂട്ടർമാർ ബാക്കി കുറ്റങ്ങൾ ഒഴിവാക്കുകയും ചെയ്തു. നിയമനടപടികളിൽ നിന്ന് മുക്തനായ ശേഷം, ഡോ. ജയന്ത് പട്ടേൽ ഓസ്‌ട്രേലിയ വിട്ട് അമേരിക്കയിലേക്ക് തിരികെ പോയി താമസം ആരംഭിക്കുകയായിരുന്നു.
ഇപ്പോൾ ഓറിഗനിലെ പോർട്ട്‌ലാൻഡിൽ ഭാര്യയും ഡോക്ടറുമായ കിഷോറിക്കൊപ്പം നാല് കിടപ്പുമുറികളുള്ള വീട്ടിലാണ് ഡോ. ജയന്ത് പട്ടേൽ താമസിക്കുന്നത്. ആഡംബര ജീവിതമാണ് ഡോക്ടർ നയിക്കുന്നതെന്ന് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭൂതകാലത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഡോ. ജയന്ത് പട്ടേൽ തന്റെ മുൻ രോഗികളോ അവരുടെ കുടുംബങ്ങളോ അനുഭവിച്ച ദുരിതത്തെക്കുറിച്ച് യാതൊരു പശ്ചാത്താപമോ വിഷമമോ പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.






























