മാൾട്ട : വാഹനങ്ങളുടെ മുൻവശത്ത് സാധാരണ നമ്പർ പ്ലേറ്റ് സ്ഥാപിക്കാൻ മതിയായ ഇടമില്ലാത്ത വാഹന ഉടമകൾക്ക് ആശ്വാസമായി പുതിയ സംവിധാനം അവതരിപ്പിച്ച് ട്രാൻസ്പോർട്ട് മാൾട്ട. ഇത്തരം വാഹനങ്ങൾക്ക് പരമ്പരാഗത നമ്പർ പ്ലേറ്റിന് പകരം മുൻ രജിസ്ട്രേഷൻ പ്ലേറ്റ് സ്റ്റിക്കർ ഉപയോഗിക്കാനുള്ള അവസരമാണ് അധികൃതർ ഒരുക്കിയത്.
എന്നാൽ എല്ലാ വാഹനങ്ങൾക്കും സ്റ്റിക്കർ അനുവദിക്കില്ല. ട്രാൻസ്പോർട്ട് മാൾട്ടയുടെ Technical Unit വാഹനം പരിശോധിച്ച് സ്റ്റിക്കർ ഉപയോഗിക്കാൻ യോഗ്യമാണെന്ന് സ്ഥിരീകരിക്കുകയും ബന്ധപ്പെട്ട ബോർഡിന്റെ അനുമതി ലഭിക്കുകയും വേണം. വാഹനം യോഗ്യമാണെന്ന് സ്ഥിരീകരിച്ച ശേഷം ഉടമയെ അപേക്ഷ സമർപ്പിക്കാനുള്ള നടപടികളെക്കുറിച്ച് അറിയിക്കും.
യോഗ്യത ലഭിച്ച വാഹന ഉടമകൾക്ക് പാവോളയിലോ ലിജയിലോ ഉള്ള ട്രാൻസ്പോർട്ട് മാൾട്ട ഓഫീസുകളിൽ അപേക്ഷ നൽകാം. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ അപേക്ഷ സ്വീകരിക്കും. ഇതിനായി ഓഫീസിൽ VEH 19 ഫോം പൂരിപ്പിക്കണം.അപേക്ഷാ നടപടികൾ പൂർത്തിയാക്കി ആവശ്യമായ ഫീസ് അടച്ച ശേഷം സ്റ്റിക്കർ തയ്യാറാകുമ്പോൾ അത് ശേഖരിക്കാനുള്ള വിവരം ട്രാൻസ്പോർട്ട് മാൾട്ട അപേക്ഷകനെ അറിയിക്കും.
വിൻഡ്സ്ക്രീനിനുള്ളിൽ പതിപ്പിക്കണം
പുതിയ രജിസ്ട്രേഷൻ സ്റ്റിക്കർ വാഹനത്തിന്റെ വിൻഡ്സ്ക്രീനിന്റെ അകത്തെ ഭാഗത്താണ് പതിപ്പിക്കേണ്ടത്. സ്റ്റിക്കർ ഡ്രൈവറുടെ കാഴ്ചയ്ക്ക് തടസ്സമാകരുതെന്നും എല്ലായ്പ്പോഴും വ്യക്തമായി കാണാവുന്ന നിലയിൽ സൂക്ഷിക്കണമെന്നും ട്രാൻസ്പോർട്ട് മാൾട്ട നിർദേശിച്ചു.മുൻ ബമ്പറിൽ നമ്പർ പ്ലേറ്റ് സ്ഥാപിക്കാൻ സാങ്കേതികമോ പ്രായോഗികമോ ആയ ബുദ്ധിമുട്ടുള്ള വാഹനങ്ങൾക്ക് പുതിയ സംവിധാനം കൂടുതൽ സൗകര്യം നൽകുമെന്നാണ് വിലയിരുത്തൽ. യോഗ്യരായ വാഹന ഉടമകൾ നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് അപേക്ഷിക്കണമെന്ന് ട്രാൻസ്പോർട്ട് മാൾട്ട അറിയിച്ചു.


























