പെർത്ത്: സിംഗപ്പൂരിലെ ചാംഗി വിമാനാവളത്തിൽ നിന്ന് ഓസ്ട്രേലിയയിലെ പെർത്തിലേക്കു പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെതുടർന്ന് തിരിച്ചിറക്കി. വിമാനം പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് ഒാസ്ട്രേലിയക്കാരനായ യാത്രക്കാരൻ ബോംബ് ഭീഷണി ഉയർത്തിയത്. തുടർന്ന് മുൻകരുതൽ നടപടിയെന്നോണം വിമാനം സിംഗപ്പൂരിലേക്കു തിരിച്ച് വിടാൻ തീരുമാനമെടുത്തതായി എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ 30 വയസുകാരനായ ഓസ്ട്രേലിയൻ പൗരനെ വിമാനത്താവളത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.
സിംഗപ്പൂർ എയർലൈൻസ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ സ്കൂട്ടിന്റെ ഫ്ളൈറ്റ് ടി.ആർ 16 വിമാനം ചാംഗി എയർപോർട്ടിൽ നിന്ന് പ്രാദേശിക സമയം 4:11 നാണ് പുറപ്പെട്ടത്. പെർത്തിലേക്കുള്ള യാത്രാമധ്യേ ബോംബ് ഭീഷണിയെതുടർന്ന് വിമാനം ഒരു മണിക്കൂറിനു ശേഷം 6.27 ന് തിരിച്ചിറങ്ങി.
എയർഫോഴ്സിന്റെ രണ്ടു യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് വിമാനം ചാംഗി എയർപോർട്ടിൽ തിരികെ ലാൻഡ് ചെയ്തത്. വിമാനത്താവളത്തിൽ അടിയന്തര സേവനങ്ങളും സജ്ജമാക്കി. തുടർന്ന് വിമാനത്തിൽ വിശദമായ സുരക്ഷാ പരിശോധന നടത്തി യുവാവിനെ അറസ്റ്റ് ചെയ്തു. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയില്ലെന്ന് എയർലൈൻ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിന് വിമാനക്കമ്പനി ക്ഷമാപണം നടത്തി.
സംഭവത്തെതുടർന്ന് വിമാനത്താവളത്തിലെ ഒരു റൺവേ ഒരു മണിക്കൂറോളം അടച്ചിട്ടതായി സിംഗപ്പൂരിലെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പല ഭാഗത്തേക്കുള്ള നിരവധി വിമാനങ്ങൾ വൈകുകയും ചെയ്തു.