പെർത്ത്: ലോകത്തിലെ ഏറ്റവും ഉയരമുള്ള തടിക്കെട്ടിടം നിർമിക്കാനൊരുങ്ങി ഓസ്ട്രേലിയ. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പെർത്തിലാണ് 627 അടി ഉയരമുള്ള ‘ഹൈബ്രിഡ്’ ടവർ നിർമിക്കുന്നത്. ഗ്രാഞ്ച് ഡവലപ്മെന്റ് എന്ന കമ്പനിയുടേതാണു പദ്ധതി. പെർത്തിലെ ഡവലപ്മെന്റ് അസസ്മെന്റ് പാനൽ അധികൃതരാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
സി 6 ബിൽഡിങ് എന്നാണ് തടിക്കെട്ടിടത്തിന് താൽക്കാലികമായി നൽകിയ പേര്. പൂർണമായും തടികൾ ഉപയോഗിച്ചാവില്ല കെട്ടിടം നിർമിക്കുന്നത്. എന്നാൽ 42% തടിയിലാകും നിർമാണം. നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും ഉയരമുള്ള തടിക്കെട്ടിടമായി സി6 മാറും.
50 നിലകളുള്ള ടവറിൽ 200-ലധികം അപ്പാർട്ട്മെന്റുകൾ അടങ്ങിയിരിക്കും, ഇത് വെസ്റ്റേൺ ഓസ്ട്രേലിയയിലെ ആദ്യത്തെ കാർബൺ-നെഗറ്റീവ് റെസിഡൻഷ്യൽ കെട്ടിടമായിരിക്കും. 600-ലധികം മരങ്ങളിൽ നിന്നായി 7400 ക്യുബിക് മീറ്റർ തടിയാകും കെട്ടിടനിർമാണത്തിനായി ഉപയോഗിക്കുക. റൂാപ് ഗാർഡൻ, അർബൻ ഫാം തുടങ്ങിയ സവിശേഷതകളുമുള്ളതാകും ഈ കെട്ടിടം.
നിലവിൽ ഇത്തരത്തിലുള്ള ഏറ്റവും ഉയരമുള്ള കെട്ടിടം യു.എസിലെ വിസ്കോൻസിനിലെ അസന്റ് ടവറാണ്. 284 അടിയാണ് ഇതിന്റെ ഉയരം. ഈ കെട്ടിടത്തിന്റെ ഇരട്ടിയിലധികം പൊക്കമുണ്ടാകും പെർത്തിൽ പണിയാൻ പോകുന്ന കെട്ടിടത്തിന്. തെക്കൻ പെർത്തിലെ ചാൾസ് സ്ട്രീറ്റിലാകും തടിക്കെട്ടിടം നിർമിക്കുക.അതേസമയം, സിഡ്നി നഗരത്തിലും ഒരു ഹൈബ്രിഡ് തടിക്കെട്ടിടം നിർമിക്കുന്നുണ്ട്. 180 മീറ്ററാണ് ഇതിന്റെ ഉയരം.