ഫ്രാൻസിലെ പബ്ലിക് സ്കൂളിലുണ്ടായ കത്തി ആക്രമണത്തില്‍ ടീച്ചര്‍ കൊല്ലപ്പെട്ടു. വടക്കൻ നഗരമായ അറാസില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹൈസ്കൂളിലാണ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. 20 വയസ് പ്രായം തോന്നിക്കുന്ന ചെചെൻ വംശജനാണ് പിടിയിലായത്. ഇയാള്‍ സ്കൂളിലെ മുൻ വിദ്യാര്‍ത്ഥിയാണെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അക്രമിയുടെ സഹോദരനെയും പൊലീസ് പിടികൂടിയതായി വാര്‍ത്താ ചാനലായ ബിഎഫ്‌എംടിവി റിപ്പോര്‍ട്ട് ചെയ്തു.
വടക്കൻ നഗരമായ അറാസിലെ ‘ഗാംബെറ്റ’ ഹൈസ്കൂളില്‍ പ്രാദേശിക സമയം ഏകദേശം 11:00 മണിയോടെയാണ് ആക്രമണമുണ്ടായത്. ഫ്രഞ്ച് ഭാഷാ അധ്യാപകനാണ് കൊല്ലപ്പെട്ടത്. മറ്റൊരു അധ്യാപകനും സുരക്ഷാ ജീവനക്കാരനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. മത മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അക്രമി ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അക്രമണതിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ടോയെന്ന് അറിയാൻ അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് ഭീകരവിരുദ്ധ പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു.