കാലിഫോര്‍ണിയ: യു.എസില്‍ 16 ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശിശുപാലകന് 690 വര്‍ഷം തടവ് വിധിച്ചു. 16 ആണ്‍കുട്ടികളെ പീഡിപ്പിച്ചതിനും മറ്റൊരു ആണ്‍കുട്ടിക്ക് അശ്ലീലവിഡിയോ കാണിച്ചതിനും ഇയാള്‍ കുറ്റക്കാരനാണെന്ന് ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.
കോസ്റ്റ മെസയിലെ മാത്യു സക്രസെവ്‌സ്‌കി (34)എന്ന ആളെയാണ് കോടതി ശിക്ഷിച്ചത്. 27 ക്രിമിനല്‍ കുറ്റങ്ങളും 14 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള അശ്ലീല പ്രവൃത്തികളും കൂടാതെ പത്ത് വയസ്സിനു താഴെയുള്ള കുട്ടിയെ ദുരുപയോഗം ചെയ്തതിന് രണ്ട് കുറ്റകൃത്യങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഇയാള്‍ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കൈവശം വെച്ചിരുന്നു. ഈ കൊച്ചുകുട്ടികള്‍ സങ്കല്‍പ്പിക്കാനാവാത്ത ഭീകരത സഹിക്കാൻ നിര്‍ബന്ധിതരായെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ടോഡ് സ്പിറ്റ്സര്‍ പറഞ്ഞു.
നോക്കാനേല്‍പിക്കുന്ന കുട്ടികളുടെ കുടുംബം വിവിധ ആവശ്യങ്ങള്‍ക്ക് പുറത്തു പോകുമ്ബോള്‍ ഇയാള്‍ അവരെ ദുരുപയോഗ പ്പെടുത്തുകയായിരുന്നു. 2014 ജനുവരി ഒന്നിനും 2019 മെയ് 17നും ഇടയിലാണ് പ്രതി ഈ കുറ്റകൃത്യങ്ങള്‍ ചെയ്തത്. 2019 മെയ് മാസത്തില്‍ ലഗൂണ ബീച്ച് ദമ്ബതികള്‍ തങ്ങളുടെ കുഞ്ഞിന്റെ ശിശുപാലകനായ സക്രസെവ്സ്‌കി എട്ട് വയസ്സുള്ള മകനെ അനുചിതമായി സ്പര്‍ശിച്ചതായും മകന്റെയും മറ്റ് കുട്ടികളുടെയും സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.