സിഡ്നി: ഓസ്‌ട്രേലിയൻ അതിർത്തി രക്ഷാസേനയും വിവിധ പോലീസ് വിഭാഗങ്ങളും സംയുക്തമായി നടത്തിയ വൻ ഓപ്പറേഷനിൽ ക്വീൻസ്‌ലൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയൊരു വ്യാജ പുകയില കടത്ത് സംഘത്തെ തകർത്തു. ഓപ്പറേഷന്റെ ഭാഗമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് (ABF), ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP), എൻ.എസ്.ഡബ്ല്യു പോലീസ് എന്നിവർ സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ ബെയർ’ എന്ന നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. പുകയില ഉൽപ്പന്നങ്ങൾ അനധികൃതമായി കടത്തുക, വിതരണം ചെയ്യുക, കള്ളപ്പണം വെളുപ്പിക്കുക എന്നിവയായിരുന്നു ഈ സംഘത്തിന്റെ പ്രധാന ലക്ഷ്യം.
വടക്കൻ എൻ.എസ്.ഡബ്ല്യുവിൽ വെച്ച് 63 വയസുകാരനായ ഒരാളെയും, ട്വീഡ് ഹെഡ്സിൽ വെച്ച് 61 വയസുകാരനായ മറ്റൊരാളെയുമാണ് പോലീസ് വാഹനങ്ങൾ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വലിയ തുക പണവും പുകയില ശേഖരവും മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. നികുതി വെട്ടിപ്പ് നടത്തി വിപണിയിലെത്തിക്കാൻ ശ്രമിച്ച കുറ്റത്തിനാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
തുടർന്ന് നടത്തിയ റെയ്ഡിൽ 2,48,000 വ്യാജ സിഗരറ്റുകൾ, 7,200 വേപ്പുകൾ (vapes), കിലോക്കണക്കിന് പുകയില എന്നിവ പ്രതികളുടെ രഹസ്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത സാധനങ്ങൾക്ക് വിപണിയിൽ 7 ലക്ഷത്തിലധികം ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 3.9 കോടി ഇന്ത്യൻ രൂപ) വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ മാഫിയ സംഘവുമായി ബന്ധമുള്ള രണ്ട് റീട്ടെയിൽ പുകയില കടകൾ ആരോഗ്യ വകുപ്പ് താൽക്കാലികമായി പൂട്ടിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.































