സന്‍ഫ്രാന്‍സിസ്കോ: തന്റെ ജോലിയെ തന്നെ മാറ്റിമറിച്ചത് ചാറ്റ്ജിപിടിയാണെന്ന വാദവുമായി ടെക്സ്റ്റാർട്ടപ്പിലെ കോപ്പി റൈറ്ററായി ജോലി ചെയ്തിരുന്ന 25 കാരിയായ ഒലിവിയ ലിപ്കിൻ. സമാനമായ ജോലി തിരയുന്നതിന് പകരം കോർപ്പറേറ്റ് ലോകം തന്നെ പൂർണമായും ഉപേക്ഷിച്ച ഇവർ പുതിയ കരിയർ തെരഞ്ഞെടുത്തിരിക്കുകയാണ്.
ഡോഗ് വാക്കർ എന്നതാണ് നിലവിലെ ജോലി. വളരെ രസകരമായ കരിയറാണിതെന്നും ദിവസം മുഴുവൻ നായ്ക്കളാൽ ചുറ്റപ്പെട്ടിരിക്കാനും അവരോടൊപ്പം സമയം ചെലവഴിക്കാൻ യഥാർത്ഥത്തിൽ പണം നേടാനും ആരാണ് ഇഷ്ടപ്പെടാത്തത് എന്നാണ് അവർ പറയുന്നത്. ചാറ്റ്ജിപിടി, ബിങ്, ബാർഡ് പോലെയുള്ള ജനറേറ്റീവ് എഐ ടൂളുകൾ തങ്ങളുടെ ജോലി ഇല്ലാതാക്കുമെന്ന ആശങ്ക നേരിടുന്നവർ നിരവധിയാണ്. എഐ ഉപകരണങ്ങൾക്ക് ഒരിക്കലും മനുഷ്യ മനസ്സുമായി മത്സരിക്കാനുള്ള കഴിവില്ലെന്ന് ചിലർ വിശ്വസിക്കുമ്പോൾ, മറ്റുചിലർ ജോലികൾ ഓട്ടോമേറ്റ് ചെയ്യപ്പെടുന്നതിനും മനുഷ്യരെ മാറ്റി സ്ഥാപിക്കുന്നതിനുമുള്ള സാധ്യതകളാണ് നോക്കുന്നത്.
വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള ഒലിവിയ ലിപ്കിൻ എന്ന സ്ത്രീ ഒരു ടെക് കമ്പനിയുടെ ഏക കോപ്പിറൈറ്ററായിരുന്നു. 2022 നവംബറിൽ എഐ ചാറ്റ്‌ബോട്ട് ഓപ്പൺഎഐ പുറത്തിറക്കിയപ്പോൾ ഈ 25 വയസ്സുകാരി ചാറ്റ് ജിപിടിയെ കുറിച്ച് ‘അധികം ചിന്തിച്ചില്ല’. പക്ഷേ അധികം വൈകാതെ അവൾക്കതിനെ കുറിച്ച് ചിന്തിക്കേണ്ടി വന്നു. മാസങ്ങൾക്ക് ശേഷം ലിപ്കിനെ ഒരു വിശദീകരണവും കൂടാതെ കമ്പനി പുറത്താക്കി. ഓഫീസിലെ ഗ്രൂപ്പിൽ അവളെ ‘ഒലിവിയ/ചാറ്റ്ജിപിടി’ എന്ന് വാക്കുകളിൽ പരാമർശിക്കുകയും ചെയ്തു.
എഴുത്തുകാരന് പണം നൽകുന്നതിനെക്കാൾ ലാഭകരമായ രീതിയിൽ ചാറ്റ്ജിപിടി പ്രയോജനപ്പെടുത്തുന്നതെങ്ങനെയെന്നതിനെ കുറിച്ച് മാനേജർമാർ എഴുതിയിരിക്കുന്നത് വായിച്ചപ്പോഴാണ് ലിപ്കിന് പിരിച്ചുവിടലിന്റെ കാരണം വ്യക്തമായത്. ജോലിയിൽ പിരിച്ചുവിട്ടതിന് ശേഷം പുതിയ ജോലി തേടിയെങ്കിലും അതിലൊന്നും സംതൃപ്തയാകാൻ തനിക്ക് കഴിഞ്ഞിരുന്നില്ല. അങ്ങനെയാണ് ഓഫീസ് ജീവിതത്തിൽ നിന്ന് ഇടവേളയെടുക്കാൻ താൻ തീരുമാനിച്ചതെന്ന് ലിപ്കിൻ പറയുന്നു.
തൊഴിൽ ഉപദേശ പ്ലാറ്റ്‌ഫോമായ റെസ്യൂം ബിൽഡർ. കോം നടത്തിയ സർവേയിൽ യുഎസ് ആസ്ഥാനമായ ചിലകമ്പനികൾ മനുഷ്യർക്ക് പകരം ചാറ്റ്ജിപിടിയെ വിന്യസിക്കാൻ തുടങ്ങിയതായി പറയുന്നുണ്ട്. 1,000 ബിസിനസ്സ് നേതാക്കളാണ് സർവേയിൽ പങ്കെടുത്തത്. സർവേയിൽ പങ്കെടുത്തതിൽ പല കമ്പനികളും തങ്ങളുടെ ജീവനക്കാരെ മാറ്റി പകരം ചാറ്റ്ജിപിടി കൊണ്ടുവന്നതായി പറയുന്നുണ്ട്.