ഇന്ത്യയുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നങ്കൂരമിട്ട് ചൈനീസ് കപ്പല്‍. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ യുദ്ധക്കപ്പലായ ‘ഹായ് യാങ് ഹാവോ’ ആണ് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ കൊളംബോ തീരത്ത് എത്തിയിരിക്കുന്നത്.
138 അംഗം സംഘമാണ് കപ്പലില്‍ ഉള്ളത്. ശ്രീലങ്കന്‍ നാവികസേന തന്നെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. പ്രകോപനകരമായ കടന്നുകയറ്റമാണ് ചൈനീസ് നിരീക്ഷണ കപ്പല്‍ നടത്തുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.
കൊളംബോ തീരത്ത് എത്തിയ ഹായ് യാങ് ഹാവോ കപ്പലിനെ കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നുണ്ടെന്നും, പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലും സമാനമായ രീതിയില്‍ ചൈനീസ് കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് എത്തിയിരുന്നു. ശ്രീലങ്കയിലെ ഹംമ്ബന്‍തോട്ട തുറമുഖത്തില്‍ ചൈനീസ് നിരീക്ഷണ കപ്പലായ യുവാന്‍ വാങ്5 ആണ് മുന്‍പ് നങ്കൂരമിട്ടത്. ബാലിസ്റ്റിക് മിസൈല്‍ അടക്കമുള്ള ഉപഗ്രഹ ട്രാക്കിംഗ് കപ്പല്‍ കൂടിയായിരുന്നു യുവാന്‍ വാങ്5.