തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ക്വാർട്ടേഴ്സിൽ 14കാരി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലെ ദുരൂഹത നീക്കാനുള്ള തീവ്രശ്രമത്തിൽ പൊലീസ്. ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫോറൻസിക് ലാബിന് പൊലീസ് കത്ത് നൽകി. മരണ കാരണം വ്യക്തമാക്കാനാണ് നടപടി. അതേസമയം, പെൺകുട്ടി പഠിച്ച സ്കൂളിനെതിരെ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് സ്കൂൾ അധികൃതർ പറയുന്നു.
പാളയം പൊലീസ് ക്വാർട്ടേഴ്സിൽ മൂന്നാഴ്ച മുമ്പാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. ഇതിലേക്ക് നയിച്ച കാരണത്തിൽ വ്യക്തത വരുത്താനാണ് ആന്തരിക അവയവ പരിശോധന ഫലം പെട്ടെന്ന് ആവശ്യപ്പെടുന്നത്.പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്. കുട്ടി പീഡനത്തിന് ഇരയായിരുന്നോ എന്ന കാര്യത്തിലും ഊർജ്ജിത അന്വേഷണം നടക്കുന്നുണ്ട്.