ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഐസൊലേഷൻ കിടക്കകളും, വെന്റിലേറ്ററുകളുമടക്കം സജ്ജമാക്കാൻ നിർദേശിച്ചു. രോഗങ്ങളുള്ളവൾ ആൾക്കൂട്ടം ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിനിടെ 864 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.
തുടർച്ചയായി കൊവിഡ് കേസുകൾ ഉയർന്ന് രോഗികളുടെ എണ്ണം നാലായിരം കടന്ന സാഹചര്യത്തിൽ ആണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം യോഗം ചേർന്ന് സ്ഥിതി വിലയിരുത്തിയത്. സംസ്ഥാനങ്ങളിലെ പ്രതിനിധികളെയും വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരെ അടക്കം പങ്കെടുപ്പിച്ചുകൊണ്ട് രണ്ടു ദിവസത്തെ അവലോകന യോഗമാണ് നടന്നത്. നിലവിൽ 4302 രോഗികളാണ് രാജ്യത്തുള്ളത്, ഇതിൽ ഭൂരിഭാഗം പേരും വീട്ടിൽ തന്നെയാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെയുള്ള 7 മരണങ്ങളടക്കം ഈ വർഷം ആകെ 44 കൊവിഡ് മരണങ്ങളാണ് സംഭവിച്ചത്.































