ദില്ലി: മൊബൈല്‍ ഉപയോക്താക്കള്‍ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന മുന്നറിയിപ്പുമായി ദേശീയ സൈബർ സുരക്ഷാ ഏജൻസി (CERT-In). മൊബൈൽ ഫോണുകളെ ബാധിക്കുന്ന ഗുരുതരമായ ‘ഡാം (Daam)’ എന്ന ആൻഡ്രോയിഡ് മാൽവെയറിനെ കുറിച്ചാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഫോണിൽ നിന്ന് കോൾ റെക്കോർഡുകൾ, കോൺടാക്‌റ്റുകൾ, കോൾ ഹിസ്റ്ററി, ക്യാമറ തുടങ്ങിയവയെല്ലാം ഹാക്ക് ചെയ്യാൻ ഈ മാൽവെയറിന് കഴിയും.
ആന്റി- വൈറസ് പ്രോഗ്രാമുകളെ മറികടക്കാനും ടാർഗറ്റുചെയ്ത ഉപകരണങ്ങളിൽ റാൻസംവയർ സ്പ്ലീറ്റ് ചെയ്യാനും പുതിയ വൈറസിനാകുമെന്നുമാണ് സിഇആർടി-ഇൻ പറയുന്നത്. എങ്ങനെയാണ് ഈ മാൽവെയർ ഫോണിലെത്തുന്നത് എന്നതും സിഇആർടി-ഇൻ പറയുന്നുണ്ട്. തേർഡ് പാർട്ടി വെബ്സൈറ്റുകളിലൂടെയോ , അല്ലെങ്കിൽ ഏതെങ്കിലും വിശ്വസനീയമല്ലാത്ത സ്രോതസുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനുകളോ വഴിയാകും ഈ വൈറസ് ഫോണിലെത്തുക.
വൈറസ് ഫോണിലെത്തിയാൽ ഫോണിന്റെ സെക്യുരിറ്റി മറികടക്കാൻ അത് ശ്രമിക്കും. അതിനു ശേഷമാകും പ്രൈവസിയിലേക്ക് കടന്നു കയറുക. അനുവാദമില്ലാതെ കടന്നു കയറുന്നതിന് ഒപ്പം ഫോണിലെ ഹിസ്റ്ററിയും ബുക്മാർക്കുകളും കോൾ ലോഗുകളും വായിക്കുകയും ബാക്ഗ്രൗണ്ട് പ്രവർത്തനങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നു.
കോൾ റെക്കോർഡുകളും കോൺടാക്ടുകളും ഹാക്ക് ചെയ്യുന്നതിനൊപ്പം ഫോൺ ക്യാമറയുടെ നിയന്ത്രണവും ഏറ്റെടുക്കുന്നു. ഫോണിലെ വിവിധ അക്കൗണ്ടുകളുടെ പാസ്വേഡുകൾ മാറ്റുക, സ്ക്രീൻഷോട്ടുകൾ എടുക്കുക, എസ്എംഎസുകൾ നീരിക്ഷിക്കുക, ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ അപ്ലോഡ് ചെയ്യുകയോ എന്നിവയാണ് വൈറസിന്റെ പ്രധാന പണി. ഫോൺ ഉടമയെ അപകടത്തിൽ പെടുത്താനുള്ള പല കഴിവുകളും മാൽവെയറിനുണ്ട്. കൂടാതെ വൈറസ് ആക്രമത്തിന് ഇരയായവരുടെ ഫോണിൽ നിന്ന് C2 (കമാൻഡ് ആൻഡ് കൺട്രോൾ) സെർവറിലേക്ക് വിവരങ്ങൾ കൈമാറാനും ഇതിന് കഴിയും.
ഫോണിലെ ഫയലുകൾ കോഡ് ചെയ്യുന്നതിന് AES (അഡ്വാൻസ്‌ഡ് എൻക്രിപ്ഷൻ സ്റ്റാൻഡേർഡ്) എൻക്രിപ്ഷൻ അൽഗോരിതമാണ് മാൽവെയർ ഉപയോഗിക്കുന്നത്. പ്ലേസ്റ്റോറിൽ നിന്നല്ലാതെ ആപ്പുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക, എസ്എംഎസുകളായും ഇ-മെയിലുകളായി വാട്സ്ആപ്പ് സന്ദേശങ്ങളായും ലഭിക്കുന്ന അൺനോൺ ലിങ്കുകളിൽ റിയാക്ട് ചെയ്യാതിരിക്കുക, bitly’ , ‘tinyurl എന്നിവ ഉപയോഗിച്ച് ഷോർട്ടാക്കിയ ലിങ്കുകൾ ശ്രദ്ധിക്കുക എന്നിവയാണ് മാൽവെയറിൽ നിന്ന് രക്ഷ നേടാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.