ഹൊബാർട്ട്: തല തിരിഞ്ഞ കുരിശ്, നരകത്തിലേക്കു സ്വാഗതം എന്ന ബോർഡ്, ഇരുട്ടിലെ പൈശാചിക രൂപങ്ങൾ… പ്രത്യക്ഷത്തിൽ തന്നെ തിന്മയെ ആഘോഷമാക്കുന്ന ഓസ്ട്രേലിയയിലെ ഡാർക്ക് മോഫോ ഫെസ്റ്റിവലിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ഓസ്ട്രേലിയയിലെ ടാസ്മാനിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹൊബാർട്ടിൽ നടക്കുന്ന ശൈത്യകാല ആഘോഷമാണ് ഡാർക്ക് മോഫോ. ജൂൺ രണ്ടിന് ആരംഭിച്ച ഫെസ്റ്റിവൽ രണ്ടാഴ്ച്ച നീണ്ടു നിൽക്കും. സാമാന്യ യുക്തിക്കു യോജിക്കാത്ത വിചിത്രമായ കലാപരിപാടികളാണ് ഈ ആഘോഷത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
അന്ധകാരത്തെ ആഘോഷിക്കുന്ന സംഗീത പരിപാടികൾ, പൈശാചികമായ ബിംബങ്ങളെ അവതരിപ്പിക്കുന്ന ലൈറ്റ് ഇൻസ്റ്റാളേഷനുകൾ, ഘോഷയാത്ര, തുടങ്ങിയവ ഈ ഫെസ്റ്റിവലിന്റെ ഭാഗമാണ്. ഇതുകൂടാതെ ആഘോഷത്തിന്റെ ഭാഗമായി ഡെർവെന്റ് നദിയിൽ ആൺ പെൺ വ്യത്യാസമില്ലാതെ പൂർണ നഗ്നരായി നടത്തുന്ന നീന്തലിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.നിരുപദ്രവമായ തമാശകൾ എന്ന നുണ സംഘാടകർ ആവർത്തിക്കുമ്പോഴും തിന്മയുടെ ശക്തികളെ ആഘോഷിക്കാനും സ്വാഗതം ചെയ്യാനുമുള്ള അവരുടെ നിഗൂഡമായ അജണ്ട കാണാതെ പോകരുതെന്ന് ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി (എ.സി.എൽ) ഡയറക്ടർ ക്രിസ്റ്റഫർ ബ്രോഹിയർ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. വിനോദ സഞ്ചാരത്തെ പ്രോൽസാഹിപ്പിക്കുന്നുവെന്ന് പറഞ്ഞ് ടാസ്മാനിയ സംസ്ഥാന സർക്കാരും പൈശാചികമായ ഈ ആഘോഷത്തിന് വലിയ പിന്തുണ നൽകുന്നു.’ഡാർക്ക് മോഫോയ്ക്കെതിരെയും നരകം ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള അവരുടെ അജണ്ടയ്ക്കെതിരെയും എല്ലാ ഓസ്ട്രേലിയക്കാരും ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് എ.സി.എൽ അഭ്യർത്ഥിച്ചു.
ഡാർക്ക് മോഫോ പരിപാടിയുടെ പ്രചാരണമെന്നോണം ഹൊബാർട്ട് എയർപോർട്ടിൽ ‘നരകത്തിലേക്ക് സ്വാഗതം’ എന്ന ബോർഡ് സ്ഥാപിച്ചത് വലിയ വിവാദം ഉയർത്തിയിരുന്നു. തുടർന്ന് ഈ ബോർഡ് നീക്കാൻ അധികൃതർ നിർബന്ധിതരായി.’ഡാർക്ക് മോഫോ നിരുപദ്രവകരമായ വിനോദമാണ് എന്ന നുണയാണ് ടാസ്മാനിയക്കാരിലേക്കു വളരെക്കാലമായി വിറ്റഴിക്കുന്നത്. എന്നാൽ ഇനി അങ്ങനെയല്ല. ഹൊബാർട്ട് വിമാനത്താവളത്തിലെ ‘നരകത്തിലേക്ക് സ്വാഗതം’ എന്ന ബോർഡ് ഒരു തുറന്ന പ്രസ്താവനയാണ്. ഡാർക്ക് മോഫോ നരകത്തിലേക്കുള്ള വാതിൽ തുറക്കുന്നു. ഈ തിന്മയുടെ ആഘോഷത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്ത മതവിശ്വാസികളായ മാതാപിതാക്കൾക്കുള്ള മുന്നറിയിപ്പാണ് ഈ ബോർഡ് – ക്രിസ്റ്റഫർ ബ്രോഹിയർ പറഞ്ഞു.
ഡാർക്ക് മോഫോ ബഹിഷ്കരിക്കാനും ടാസ്മാനിയക്കാരോട് ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി ആഹ്വാനം ചെയ്തു.വർഷത്തിലെ ഏറ്റവും തണുപ്പുള്ള സമയത്ത് നടത്തുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. പൂർണ നഗ്നരായി നടത്തുന്ന നീന്തലിൽ ഈ വർഷം ഏകദേശം 2,000 പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.ഹൊബാർട്ടിന്റെ പ്രശസ്തമായ വാട്ടർഫ്രണ്ട് പരിസരത്തിന് ചുറ്റും പ്രകാശമുള്ള കുരിശുകൾ തലകീഴായി സ്ഥാപിക്കുന്നതിനെതിരേ ക്രിസ്ത്യൻ പുരോഹിതന്മാർ രംഗത്തു വന്നിരുന്നു.’അഫ്ഗാനിസ്ഥാൻ, കാശ്മീർ, ബർമ്മ എന്നിവിടങ്ങളിൽ തീവ്രവാദത്തിലേക്ക് റിക്രൂട്ട്മെന്റും ഫണ്ട് ശേഖരണവും നടത്തുകയും പോരാടുകയും ചെയ്ത ഒരു മുൻ തീവ്രവാദിയെ 2018-ലെ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഓസ്ട്രേലിയയിലേക്ക് പോകാനുള്ള വിസ നിരസിച്ചതിനെ തുടർന്ന് മുഹമ്മദ് മൻവാർ അലി എന്നയാൾ വീഡിയോ ലിങ്ക് വഴിയാണ് പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ പത്തു വർഷമായി നടക്കുന്ന ഫെസ്റ്റിവലിലെ കലാപരിപാടികൾ അക്രമത്തെയും രക്തച്ചൊരിച്ചിലിനെയും പ്രോൽസാഹിപ്പിക്കുന്നതാണ്. 2017-ൽ നടന്ന ഡാർക്ക് മോഫോയിലെ ഒരു പരിപാടിയിൽ ബലി കർമം എന്ന പേരിൽ കാളയെ അറുക്കുന്നത് ഉൾപ്പെടുത്തിയിരുന്നു. ഇതോടെ മൃഗാവകാശ സംഘടനകളും ഫെസ്റ്റിവലിന് എതിരായി.2021-ൽ കൊളോണിയലിസത്തിനെതിരേ എന്ന പേരിൽ ഫസ്റ്റ് നേഷൻസ് ജനതയുടെ രക്തത്തിൽ കുതിർന്ന ബ്രിട്ടീഷ് പതാക പ്രദർശിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. അതിനായി തദ്ദേശീയരോട് രക്തദാനം നടത്താനും ആവശ്യപ്പെട്ടു. എന്നാൽ എതിർപ്പിനെതുടർന്ന് പദ്ധതി നടന്നില്ല.