‘ദേവദൂതൻ എന്ന സിനിമയെ കുറിച്ച് അന്ന് പറഞ്ഞത് കാലം തെറ്റി പിറന്ന സിനിമ എന്നായിരുന്നു, ഇതാണ് ആ സിനിമ പ്രേക്ഷകരിലേക്ക് എത്തേണ്ട കാലം എന്ന് ഞാൻ വിശ്വസിക്കുകയാണ്. നടൻ എന്ന നിലയിൽ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട സിനിമയാണത് ‘- ‘ദേവദൂതൻ’ റീ മാസ്റ്റർ ചെയ്തു റീ റിലീസിന് ഒരുങ്ങുമ്പോൾ മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ.
സിബി മലയിൽ സംവിധാനം ചെയ്ത് കോക്കർ നിർമ്മിച്ച മോഹൻലാലും ജയപ്രദയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ദേവദൂതൻ 26 നാണ് വീണ്ടും തിയറ്ററുകളിൽ എത്തുക. സിനിമ റിലീസ് ആയി 24 വർഷത്തിനു ശേഷമാണ് റീ റിലീസ്. ‘ പഴയ പല ഫിലിം ലാബുകളും ഇപ്പോഴില്ല. ഒരുപാട് സിനിമകളുടെ പ്രിന്റുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ ഈ സിനിമയുടെ പ്രിൻറ് പ്രസാദ് ലാബിലുണ്ടായിരുന്നു. പ്രേക്ഷകർ ഈ സിനിമ വീണ്ടും കാണണമെന്ന ആഗ്രഹവും സ്നേഹവും പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടായിരുന്നതുകൊണ്ടാണ് സിനിമ വീണ്ടും എത്തുന്നത് ‘- മോഹൻലാൽ കൂട്ടിച്ചേർത്തു.
രണ്ടായിരത്തിൽ ഈ സിനിമ ഇറങ്ങുമ്പോൾ ജനിച്ചിട്ടില്ലാത്ത തലമുറ പിന്നീട് സിനിമയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പറഞ്ഞ അഭിപ്രായങ്ങൾ ചർച്ചയായപ്പോഴാണ് റീ മാസ്റ്ററും റീ എഡിറ്റും ചെയ്തത് 4 കെ അറ്റ്മോസ് വേർഷനിൽ സിനിമ കൊണ്ടുവന്നതെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു.സിനിമയിൽ വേഷമിട്ട മോഹൻലാൽ, വിനീത് കുമാർ, നിർമ്മാതാവ് സിയാദ് കോക്കർ, തിരക്കഥാകൃത്ത് രഘുനാഥ് പലേരി, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, ചായ ഗ്രാഹകൻ സന്തോഷ് തുണ്ടിയിൽ ഉൾപ്പെടെയുള്ളവർ ഒത്തുകൂടിയ ചടങ്ങിൽ സിനിമയ്ക്കായി പ്രവർത്തിച്ചവരെ ആദരിച്ചു.