തിരുവനന്തപുരം: സമൂഹത്തെ ഗ്രസിച്ചിട്ടുള്ള വിപത്താണ് സ്ത്രീധനമെന്ന് വനിതാ കമ്മീഷന്‍ അംഗം വി ആര്‍ മഹിളാമണി. വനിതാ കമ്മീഷന്റെ തീരദേശ ക്യാമ്പിന്റെ ഭാഗമായി കഠിനംകുളം മരിയനാട് ഔര്‍ ലേഡി ഓഫ് അസംപ്ഷന്‍ ചര്‍ച്ച് ഹാളില്‍ ഗാര്‍ഹികാതിക്രമങ്ങളും പരിഹാരവും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.
സ്ത്രീധന പ്രശ്‌നം മൂലം നിരവധി സ്ത്രീകളാണ് ജീവനൊടുക്കുന്നത്. വിവാഹ ബന്ധങ്ങള്‍ തകരുന്നതിനും സ്ത്രീധന പ്രശ്‌നങ്ങള്‍ കാരണമാകുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് നമ്മുടെ മനോഭാവത്തില്‍ മാറ്റം വരേണ്ടതുണ്ട്. അത് വീടുകള്‍ക്കുള്ളില്‍ നിന്നു തന്നെ ആരംഭിക്കണം. ജനാധിപത്യബോധം ആദ്യം ഉണ്ടാകേണ്ടത് വീടുകളുടെ അകത്തളങ്ങളിലാണ്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തുല്യമായി കാണുന്ന മനോഭാവം വീടുകളില്‍ തന്നെ വളര്‍ത്തിയെടുക്കുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുകയും സ്വന്തം കാലില്‍ നില്‍ക്കാന്‍ അവരെ പ്രാപ്തമാക്കുകയും ചെയ്യുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സ്ത്രീധന പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യം ആരേയും അറിയിക്കില്ല. അഡ്ജസ്റ്റ് ചെയ്യണം എന്നു നിര്‍ദേശിച്ച് മാതാപിതാക്കള്‍ തന്നെ പെണ്‍കുട്ടിയെ വരന്റെ വീട്ടിലേക്ക് പറഞ്ഞു വിടുകയാണ് പതിവ്. മക്കള്‍ക്ക് പ്രയാസം വരുമ്പോള്‍ ആശ്രയമാകേണ്ടവരാണ് മാതാപിതാക്കള്‍. എന്നാല്‍ സ്ത്രീധന പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പെണ്‍കുട്ടികളെ മാതാപിതാക്കളും കൈയൊഴിയുന്ന സ്ഥിതിയുണ്ടെന്ന് മഹിളാമണി പറഞ്ഞു.
തങ്ങള്‍ക്കു നേരേയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറയാന്‍ കുട്ടികള്‍ക്ക് ധൈര്യം പകരണം. നല്ലതും ചീത്തയുമായ സ്പര്‍ശനങ്ങളെ തിരിച്ചറിയാന്‍ കുട്ടികളെ പഠിപ്പിക്കണം. ഉയര്‍ന്ന സാമൂഹിക ബോധമുള്ളവരായി പുതിയ തലമുറയെ വളര്‍ത്തിയെടുക്കണമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.