പ്രദീപ് രംഗനാഥൻ – മമിത ബൈജു കൂട്ടുകെട്ടിൽ ദീപാവലി റിലീസായി എത്തിയ ‘ഡ്യൂഡ്’ ആഗോള കളക്ഷനില്‍ 100 കോടി കടന്നു. 6 ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. ഇതോടെ നായകനായെത്തിയ മൂന്ന് സിനിമകളും 100 ക്ലബ്ബിൽ ഇടം നേടി ഹാട്രിക്ക് അടിച്ചിരിക്കുകയാണ് പ്രദീപ് രംഗനാഥൻ. 17 ന് തിയറ്ററുകളിലെത്തിയ ചിത്രം ലോകമെമ്പാടുമുള്ള ദീപാവലി റിലീസുകളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സിനിമയായിരിക്കുകയാണ്. ആദ്യ ദിനം വേൾഡ് വൈഡ് കളക്ഷൻ 22 കോടിയാണ് ചിത്രം നേടിയത്. തിയറ്ററുകൾതോറും പ്രായഭേദമന്യേ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
കോമഡിയും ഇമോഷനും ആക്ഷനും പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും എല്ലാം കോർത്തിണക്കിയ ഒരു ടോട്ടൽ പാക്കേജ് ആണ് ചിത്രം. ചിത്രത്തിൽ അഗൻ എന്ന കഥാപാത്രമായി പ്രദീപ് രംഗനാഥനും കുറൽ എന്ന കഥാപാത്രമായി മമിത ബൈജുവും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന കഥാപാത്രമായി ശരത് കുമാറും ചിത്രത്തിൽ ഏവരുടേയും ഇഷ്ടം നേടിയിരിക്കുകയാണ്.
മുൻ പ്രദീപ് രംഗനാഥൻ സിനിമകള്‍ പോലെ തന്നെ യുവത്വത്തിന് ആഘോഷിക്കാനുള്ളതെല്ലാം ചേർത്തുവെച്ചിട്ടുണ്ട് ഡ്യൂഡ് എന്ന സിനിമയിലും. അതോടൊപ്പം കുടുംബബന്ധങ്ങളും സൗഹൃദങ്ങളും പ്രണയവുമൊക്കെ വേറിട്ടൊരു കാഴ്ചപ്പാടിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് നവാഗത സംവിധായകനായ കീർത്തീശ്വരൻ. പക്കാ ഫൺ ഫാമിലി എന്റർടെയ്നർ വൈബ് പടം എന്നാണ് സിനിമ കഴിഞ്ഞിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍.































