അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‍ലയുടെ തലവൻ ഇലോൺ മസ്‌ക് ഇപ്പോൾ ചൈനീസ് സന്ദര്‍ശനത്തിലാണ്. മൂന്ന് വർഷത്തിനിടയിലെ ആദ്യ സന്ദർശനമാണിത്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന (ഇവി) വിപണിയായ ചൈനയിൽ ടെസ്‌ല ഒരു പ്രധാന കമ്പനിയാണ്. അതേസമയം സിഇഒയുടെ സന്ദർശനത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും, മസ്‌ക് വീണ്ടും ചൈനീസ് സോഷ്യൽ മീഡിയ സൈറ്റുകളിൽ താരമായി മാറിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഗോള സോഷ്യൽ മീഡിയ ചാനലുകളിൽ മസ്‌കിനെ വലിയ ആരാധകര്‍ പിന്തുടരുന്നുണ്ട്. എന്നാല്‍ അവയിൽ മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ചൈനയിൽ നിരോധിച്ചിരിക്കുന്നു. പക്ഷേ ചൈനയ്ക്ക് സ്വന്തമായി ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുണ്ട്. ഇവയിൽ പോലും മസ്‌ക് വളരെ ജനപ്രിയമായ വ്യക്തിത്വമാണ്. അദ്ദേഹം രാജ്യത്ത് എത്തിയത് ചൈനീസ് ആരാധകര്‍ ആഘോഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു സ്വകാര്യ ജെറ്റിൽ ചൊവ്വാഴ്ച ബീജിംഗിൽ ഇറങ്ങിയ മസ്‌ക് പിന്നീട് ചൈനീസ് സർക്കാർ ഉന്നത ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട് . ചൈനയുടെ വിദേശ, വാണിജ്യ, വ്യവസായ മന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും മുൻനിര ബാറ്ററി വിതരണക്കാരായ സിഎടിഎല്‍ ചെയര്‍മാൻ സെങ് യുകുനുമൊത്ത് കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കുകയും ചെയ്‍തു . ടെസ്‌ലയുടെ ഷാങ്ഹായ് പ്ലാന്‍റും അദ്ദേഹം സന്ദർശിച്ചേക്കും. 2019 ൽ ആണ് കമ്പനിയുടെ യുഎസിന് പുറത്തുള്ള ആദ്യത്തെ പ്ലാന്‍റ് ഷാങ്ഹായില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
മസ്‍കിന്‍റെ ചൈനയിലെ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേകിച്ച് ഇവിടെയുള്ള അദ്ദേഹത്തിന്റെ ആരാധകർ. ഇലോൺ മസ്‌ക് വളരെ മികച്ചതാണെന്നും ചൈനയ്ക്ക് എലോൺ മസ്‌കിനെപ്പോലെ ഒരാളെ ലഭിച്ചിരുന്നെങ്കിൽ എന്നും ചിലര്‍ ഒരു ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തു. അദ്ദേഹം ഒരു ആഗോള വിഗ്രഹമാണെന്നാണ് മറ്റു ചിലര്‍ എഴുതിയതെന്ന് റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥൻ ചൈന സന്ദർശിക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ മാർച്ചിൽ ആപ്പിൾ സിഇഒ ടിം കുക്ക് എത്തിയപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ചൂടേറിയതാണ് മസ്‌കിന്റെ ഏറ്റവും പുതിയ സന്ദർശനത്തെ ചുറ്റിപ്പറ്റിയുള്ള തിരക്ക്. ചൈന അതിന്റെ സീറോ-കോവിഡ് നയം മാറ്റി അതിർത്തികൾ വീണ്ടും തുറന്നതിനുശേഷം ചൈനയിലേക്കുള്ള ഒരു പ്രധാന യുഎസ് സിഇഒയുടെ ഏറ്റവും പുതിയ അപ്രഖ്യാപിത യാത്രയാണ് മസ്‌കിന്‍റേത്.
അതേസമയം ഇലക്ട്രിക് വാഹനങ്ങളുടേയും കണക്ടഡ് കാറുകളുടേയും മറ്റുംവികസനം സംബന്ധിച്ച് മസ്‌കും സിഎടിഎല്‍ ചെയര്‍മാനും കാഴ്ചപ്പാടുകൾ കൈമാറിയെന്ന് ചൈനീസ് വ്യവസായ മന്ത്രാലയം പറഞ്ഞു. ചൈനയിലെ ടെസ്‌ലയുടെ വികസനം അതിന്റെ തലവന്മാരുമായി ചർച്ച ചെയ്‍തതായും വാണിജ്യ മന്ത്രാലയം അറിയിച്ചു. ടെസ്‍ല കഴിഞ്ഞ വർഷം ഷാങ്ഹായിൽ 700,000 ഇലക്ട്രിക് കാർ യൂണിറ്റുകൾ നിർമ്മിച്ചു. എന്നാൽ പ്രാദേശിക എതിരാളികളിൽ നിന്ന് വർദ്ധിച്ച മത്സരവും കമ്പനി നേരിടുന്നുണ്ട്. നിലനിൽക്കുന്ന യുഎസ്-ചൈന പിരിമുറുക്കങ്ങളും ടെസ്ലയ്ക്ക് ഭീഷണിയാകുന്നുണ്ട്. ഇക്കാരണങ്ങളൊക്കെ കൊണ്ടുതന്നെ ഒരുപക്ഷേ, ഇന്ത്യയിൽ പുതിയൊരു പ്ലാന്റിനായി ചർച്ച നടത്താൻ ടെസ്‌ല ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചേക്കാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.