ദില്ലി: ഇലക്ട്രൽ ബോണ്ട് പിൻവലിച്ചതിൽ എല്ലാവരും ഖേദിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇലക്ട്രൽ ബോണ്ട് നടപടികൾ സുതാര്യമാണ്. പണം എവിടെ നിന്ന് വന്നു, ആര് നൽകി എന്നതടക്കം സുതാര്യമായി വിവരങ്ങൾ അറിയാൻ കഴിഞ്ഞെന്നും വാർത്ത ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
അതിനിടെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്രമോദി തിരുവനന്തപുരം കാട്ടാക്കടയിലെത്തി. മലയാളത്തിൽ സ്വാഗതം പറഞ്ഞ് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി പത്മനാഭ സ്വാമിയുടെ മണ്ണിൽ വന്നത് സന്തോഷമാണെന്ന് പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന് ആവർത്തിച്ച്, ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസംഗം. ബിജെപിയുടെ പ്രകടന പത്രിക എന്നാൽ മോദിയുടെ ഗ്യാരണ്ടിയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തിൽ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു.
അഞ്ചു വർഷത്തിൽ ഭാരതത്തെ മൂന്നാം സാമ്പത്തിക ശക്തി ആക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സദസ്സിൽ കുഞ്ഞുങ്ങളെ കണ്ടതിൽ സന്തോഷം. അവർക്ക് നമസ്ക്കാരം. കേരളത്തിൽ വലിയ വികസന പദ്ധതികൾ കൊണ്ട് വരും. വിനോദ സഞ്ചാര രംഗത്തു പുത്തൻ വികസന പദ്ധതികൾ വരും. കൂടുതൽ ഹോം സ്റ്റേകൾ തുടങ്ങുകയും തീര വികസനത്തിന് മുൻഗണന നൽകുകയും ചെയ്യും. അതുപോലെ തന്നെ മത്സ്യസമ്പത്ത് കൂട്ടാൻ പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും പ്രധാനമന്ത്രി വിശദമാക്കി. ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിൻ വരുമെന്നും സർവെ നടപടി പുതിയ സർക്കാർ തുടങ്ങുമെന്നും മോദി കൂട്ടിച്ചേർത്തു.