ദില്ലി: ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും. വൈകിട്ട് എഴ് മണിയോടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ദില്ലിയിലെത്തുമെന്ന് സൂചന. എയർഫോഴ്‌സ് വൺ വിമാനത്തിലെത്തുന്ന ബൈഡനെ പാലം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൈകിട്ട് 6.55ന് കേന്ദ്രസഹമന്ത്രി വി കെ സിങ്ങ് സ്വീകരിക്കും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഉഭയകക്ഷി ചർച്ച നടത്തും. പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഉച്ചയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും പിന്നാലെ മറ്റ് നേതാക്കളും എത്തും. വിവിധ കേന്ദ്രമന്ത്രിമാർക്ക് നേതാക്കളെ വിമാനത്താവളത്തിലെത്തി സ്വീകരിക്കാൻ ചുമതല നൽകിയിട്ടുണ്ട്. നാളെയാണ് ഉച്ചകോടി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനിസ്, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ തുടങ്ങിയ ലോകനേതാക്കളും ഇന്ന് എത്തിച്ചേരും.