ഒക്ലൻഡ്: ഗബ്രിയേൽ ചുഴലിക്കാറ്റിനെ തുടർന്ന് ന്യൂസിലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വടക്കൻ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായി എമർജൻസി മാനേജ്മെന്റ് മന്ത്രി കീറൻ മക്അനുൾട്ടി പറഞ്ഞു. നോർത്ത്ലാൻഡ്, ഓക്ക്ലൻഡ്, തൈരാവിത്തി, ബേ ഓഫ് പ്ലെന്റി, വൈകാറ്റോ, ഹോക്സ് ബേ എന്നീ മേഖലകളിലാണ് ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നത്.
കാറ്റും മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ അമ്പതിനായിരത്തോളം പേർക്കു വൈദ്യുതി മുടങ്ങി. ഇതോടെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. നിരവധി വിമാനസർവീസുകൾ റദ്ദാക്കി. അതേസമയം നഗരമായ ഓക്ലൻഡിന് സമീപമുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും രൂക്ഷമാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് ആളുകൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽ അഭയം തേടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം രാജ്യത്തിന്റെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.