ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസില്‍ കുറ്റാരോപിതനായ ഇന്ത്യക്കാരൻ നിഖില്‍ ഗുപ്തയെ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും യു.എസിലേക്ക് മാറ്റിയതായി റിപ്പോർട്ടുകള്‍.
യു.എസില്‍ വച്ചായിരുന്നു പന്നുവിനെതിരെയുള്ള വധശ്രമം. കഴിഞ്ഞ ജൂണിലാണ് അമേരിക്കയുടെ നിർദേശ പ്രകാരം ചെക്ക് റിപ്പബ്ലിക്ക് സർക്കാർ നിഖില്‍ ഗുപ്തയെ അറസ്റ്റ് ചെയ്യുന്നത്.
നിഖില്‍ ഗുപ്തയെ ഫെഡറല്‍ അഡ്മിനിസ്ട്രേറ്റീവ് തടങ്കല്‍ കേന്ദ്രമായ ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെൻ്ററില്‍ താമസിപ്പിച്ചിരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ഫെഡറല്‍ ബ്യൂറോ ഓഫ് പ്രിസണ്‍സ് വെബ്‌സൈറ്റും ചില അടുത്ത വൃത്തങ്ങളെയും ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് റിപ്പോർട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
2023 നവംബറിലാണ് ഇന്ത്യൻ റോ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അമേരിക്കൻ പൗരനായ പന്നുവിനെ വധിക്കാൻ പദ്ധതിയിട്ടതായി അമേരിക്ക ആരോപണം ഉന്നയിച്ചത്. ഉത്തരേന്ത്യയില്‍ പരമാധികാര സിഖ് രാഷ്ട്രത്തിന് വേണ്ടി വാദിച്ച യു.എസില്‍ താമസിക്കുന്ന ഗുർപ്ത്വന്ത് സിങ് പന്നുവിനെ കൊല്ലാൻ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥനുമായി ചേർന്ന് നിഖില്‍ ഗുപ്ത ഗൂഢാലോചന നടത്തി എന്നായിരുന്നു യു.എസ് ഫെഡറല്‍ പ്രോസിക്യൂട്ടർമാരുടെ വാദം.
യു.എസിന്‍റെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ളയാളാണ് ഗുർപത്വന്ത് സിങ് പന്നു. പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കു തെളിഞ്ഞതിനെ തുടർന്ന് 2020ല്‍ ഇന്ത്യ പന്നുവിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പഞ്ചാബില്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലടക്കം 22 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഗുർപത്വന്ത് സിങ് പന്നു. 2022 ഒക്ടോബറില്‍ പന്നുവിനെതിരെ റെഡ്കോർണർ നോട്ടീസ് അയക്കാൻ ഇന്ത്യ ഇന്റർപോളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഇന്റർപോള്‍ ഈ ആവശ്യം നിരസിക്കുകയാണുണ്ടായത്.































