പക്ഷിപ്പനിയുടെ എച്ച് 3 എന്‍ 8 വകഭേദം ബാധിച്ച് മനുഷ്യര്‍ക്കിടെയിലെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ) അറിയിച്ചു.ചൈനയിലെ തെക്കന്‍ പ്രവിശ്യയായ ഗ്വാംഗോഡോംഗ് സ്വദേശിയായ 56 വയസുള്ള സ്ത്രീയാണ് മരണത്തിന് കീഴടങ്ങിയത്.എച്ച് 3 എന്‍ 8 മനുഷ്യരെ ബാധിക്കുന്നത് വളരെ അപൂര്‍വമാണ്. ഏവിയന്‍ ഇന്‍ഫ്ലുവന്‍സ എയുടെ എച്ച് 3 എന്‍ 8 സബ്ടൈപ്പ് ബാധിച്ച മനുഷ്യരില്‍ അറിയപ്പെടുന്നതില്‍ മൂന്നാമത്തെ വ്യക്തിയാണ് ചൈനീസ് വനിത. മറ്റ് രണ്ട് കേസുകളും ചൈനയില്‍ തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലാണ് ആദ്യ രണ്ട് കേസുകളും കണ്ടെത്തിയത്. ഈ രണ്ട് കേസുകളിലും രോഗം ഭേദമായി.
മരിച്ച സ്ത്രീക്ക് കഴിഞ്ഞ മാസമാണ് രോഗം പിടിപ്പെട്ടതെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ പറയുന്നു. എന്നാല്‍ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തമാക്കിയിട്ടില്ല. കോഴി വളര്‍ത്തല്‍ മേഖലയില്‍ സജീവമായിരുന്ന സ്ത്രീക്ക് മറ്റ് പല രോഗങ്ങളും ഉണ്ടായിരുന്നു.