ഇന്ത്യക്കാർക്കിടയില്‍ വ്യായാമം ഉള്‍പ്പെടെ ശാരീരികാധ്വാനം അപകടകരമായ വിധത്തില്‍ കുറയുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന.
ജനസംഖ്യയുടെ പകുതിയിലേറെ പേരും ഇത്തരത്തില്‍ കായികമായി കാര്യമായ അധ്വാനമില്ലാത്തവരായി മാറിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഡബ്ല്യൂഎച്ച്‌ഒ പുറത്തുവിട്ടത്. ലാൻസെറ്റ് ഗ്ലോബല്‍ ഹെല്‍ത്തിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് ശാരീരികമായി അധ്വാനിക്കാൻ മടിയുള്ള കൂട്ടർ. 2022-ലെ കണക്ക് പ്രകാരം 57.2 ശതമാനം സ്ത്രീകളാണ് സ്ത്രീകളാണ് ശരീരം അനങ്ങാതെ മടി പിടിച്ചിരിക്കുന്നത്. 42 ശതമാനം പുരുഷന്മാർക്കും മടിയാണെന്ന് ലാൻസെറ്റ് പഠനത്തില്‍ പറയുന്നു. ഈ സ്ഥിതി തുടർന്നാല്‍ 2023-ഓടെ ഇന്ത്യൻ യുവത്വത്തിന്റെ 60 ശതമാനത്തോളം ശാരീരിക ക്ഷമതയില്ലാത്തവരായി മാറും. ഇത് പല ഗുരുതര രോഗങ്ങളിലേക്കും വഴിവയ്‌ക്കും. 2000-ല്‍ ഇത് 22.3 ശതമാനമായിരുന്നെങ്കില്‍ 22 വർഷങ്ങള്‍ക്കിപ്പുറം 2022-ല്‍ ഇത് 49.4 ശതമാനമായാണ് ഉയർന്നത്.
ഓരോ ആഴ്ചയിലും കുറഞ്ഞത് 150 മുതല്‍ 300 മിനിറ്റ് വരെ എയ്റോബിക് വ്യായാമങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു. ശരീരം ചൂടാകുന്ന തരത്തിലുള്ള വ്യായമ മുറകളും ശാരീരിക പ്രവർത്തനങ്ങളിലും ഏർപ്പെടണം. അല്ലാത്തപക്ഷം ഹൃദ്രോഗങ്ങള്‍, ടൈപ്പ്-2 പ്രമേഹം, ഡിമെൻഷ്യ, അർബുദം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു.
ആഗോള തലത്തില്‍ 31 ശതമാനം അഥവാ 1.8 ബില്യണ്‍ യുവാക്കളാണ് ഇക്കാലയളവില്‍ ശാരീരിക അധ്വാനം ചെയ്യാതെ കഴിച്ചുകൂട്ടിയത്. വർഷങ്ങള്‍ കടന്നു പോകുന്തോറും ഇത് ഏറിവരികയാണെന്നും ആഗോള തലത്തില്‍ തന്നെ ഇത് നിശബ്ദ വെല്ലുവിളിയാണെന്നും ലാൻസെറ്റ് പ്രസിദ്ധീകരണത്തില്‍ പറയുന്നു. കരുത്തുറ്റ സാമ്ബത്തിക അടിത്തറ ഉള്ള രാജ്യങ്ങളിലെ ജനങ്ങളാണ് ശാരീരികമായി അധ്വാനിക്കാൻ അലസത കാണിക്കുന്നത്. ഏഷ്യ-പസഫിക് മേഖലയിലും ദക്ഷിണേഷ്യൻ രാജ്യങ്ങളിലുമാണ് അധ്വാനിക്കാൻ മടിയുള്ളവരില്‍ സിംഹഭാഗവും.































