ആഗോള ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായ അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ പ്രവേശന പ്രക്രിയയില്‍ വംശീയ വിവേചനം നടക്കുന്നതായി പരാതി.
ഹാര്‍വാര്‍ഡിന് സംഭാവനകള്‍ നല്കുന്നവര്ക്കും പൂര്‍വ വിദ്യാര്‍ഥികളുമായി ബന്ധമുള്ളവര്‍ക്കും അനുകൂലമായി നടത്തുന്ന ‘ലെഗസി’ പ്രവേശന പ്രക്രിയയുടെ മറവില്‍ വിവേചനം നടക്കുന്നുണ്ടെന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ യുഎസ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അമേരിക്കയിലെ മൂന്ന് പൗരാവകാശ ഗ്രൂപ്പുകളാണ് ജൂലൈ ആദ്യം പരാതി നല്‍കിയത്. ‘ലെഗസി’ ബിരുദ അപേക്ഷകര്‍ക്ക് ഹാര്‍വാര്‍ഡ് നല്കുന്ന മുൻഗണന, ഫെഡറല്‍ പൗരാവകാശ നിയമത്തിന്റെ ലംഘനമായും വെള്ളക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നു. സര്‍വകലാശാലയില്‍ നടന്ന അഡ്മിഷനുകളുടെ കണക്കനുസരിച്ച് ലെഗസി പ്രവേശന പ്രക്രിയയിലൂടെ അഡ്മിഷൻ ലഭിക്കുന്നവരില്‍ ഏകദേശം 70 ശതമാനവും വെള്ളക്കാരാണ്. കൂടാതെ സാധാരണ അപേക്ഷകരേക്കാള്‍ ആറ് മുതല്‍ ഏഴ് മടങ്ങ് വരെ പ്രവേശനം നേടുന്നതും ഇവരാണെന്ന് പരാതിയില്‍ പറയുന്നു. പരാതിയിന്മേല് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സിവില്‍ റൈറ്റ്സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫെഡറല്‍ ഫണ്ടുകള്‍ സ്വീകരിക്കുന്ന പഠന പ്രോഗ്രാമുകളില്‍ വംശീയ വിവേചനം തടയുന്ന 1964 ലെ പൗരാവകാശ നിയമത്തിന്റെ ടൈറ്റില്‍ VI പ്രകാരമാണ് അന്വേഷണം നടത്തുന്നത്.
വെള്ളക്കാരല്ലാത്ത കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കാൻ ഹാര്‍വാര്‍ഡ് കോളേജും നോര്‍ത്ത് കരോലിന സര്‍വകലാശാലയും സ്വീകരിച്ച സംവരണ നയങ്ങള്‍ സുപ്രീംകോടതി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. ഇതോടെ ലെഗസി അഡ്മിഷൻ പോളിസികള്‍ ഉപയോഗിച്ചിരുന്ന പല കോളേജുകളും ജൂണ്‍ മുതല്‍ ഈ പ്രക്രിയ അവസാനിപ്പിച്ചിരുന്നു. വെസ്ലിയൻ യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി ഓഫ് മിനസോട്ടയുടെ ട്വിൻ സിറ്റിസ് ക്യാമ്ബസും ലെഗസി അഡ്മിഷൻ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമെന്ന് ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു. കേംബ്രിഡ്ജ്, മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള ഐവി ലീഗ് കോളേജുകള്‍ അതിന്റെ പ്രവേശന നയങ്ങളുടെ വിവിധ വശങ്ങള് അവലോകനം ചെയ്യുകയാണെന്ന് ഹാര്‍വാര്‍ഡ് വക്താവ് പറഞ്ഞു. വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ര്‍ഥികള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും വക്താവ് അറിയിച്ചു.