പാരിസ്: ഫ്രാൻസിൽ നടന്ന കൊടുംകുറ്റകൃത്യത്തിന്റെ വിവരങ്ങൾ പുറത്ത്. ഭാര്യയെ എല്ലാ ദിവസവും മയക്കുമരുന്ന് നൽകി അന്യപുരുഷന്മാർക്ക് ബലാത്സംഗം ചെയ്യാൻ സൗകര്യം നൽകിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദ ടെലിഗ്രാഫാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 10 വർഷമാണ് ഇയാൾ ഭാര്യയെ ഉപദ്രവിച്ചത്. 92 ബലാത്സംഗ കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇവരിൽ 26 നും 73 നും ഇടയിൽ പ്രായമുള്ള അമ്പത്തിയൊന്ന് പേരെ അറസ്റ്റ് ചെയ്യുകയും ബലാത്സംഗ കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ടെന്നും മറ്റു പ്രതികളെ പൊലീസ് അന്വേഷിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫയർമാൻ, ലോറി ഡ്രൈവർ, മുനിസിപ്പൽ കൗൺസിലർ, ബാങ്കിലെ ഐടി ജീവനക്കാരൻ, ജയിൽ ഗാർഡ്, നഴ്സ്, പത്രപ്രവർത്തകൻ എന്നിവരെല്ലാം ഉൾപ്പെടുന്നവരാണ് പ്രതികൾ. ഡൊമിനിക് എന്നാണ് അറസ്റ്റിലായ ഭർത്താവിന്റെ പേര്. ഭക്ഷണത്തിൽ ആൻറി-ആക്സൈറ്റി മരുന്നായ ലോറാസെപാം കലർത്തിയാണ് ഇയാൾ ഭാര്യയെ മയക്കിക്കിടത്തിയിരുന്നത്. ഭാര്യയെ മയക്കിയ ശേഷം ഇയാൾ അതിഥികളെ മാസാനിലെ വീട്ടിലേക്ക് ക്ഷണിക്കും. ഉറങ്ങിക്കിടക്കുന്ന ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ആവശ്യപ്പെടുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് സൂക്ഷിക്കുകയും ചെയ്യും. ദൃശ്യങ്ങൾ ഇയാൾ പെൻ ഡ്രൈവിൽ “അബ്യൂസ്” എന്ന ഫയലിലാണ് സൂക്ഷിച്ചിരുന്നത്. പെൻഡ്രൈവ് പൊലീസിന് ലഭിച്ചു.