ഷാങ്ഹായ് : ചുട്ടുപൊള്ളുകയാണ് ചൈനയിലെ ഷാങ്ഹായ് നഗരം. കഴിഞ്ഞ 100 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം തിങ്കളാഴ്ച രേഖപ്പെടുത്തി.ഉച്ചക്ക് 1.09ന് സൂജിയാഹുയി സ്റ്റേഷനിലെ താപനില 36.1 ഡിഗ്രി സെല്‍ഷ്യസില്‍ (97 ഡിഗ്രി ഫാരൻഹീറ്റ്) എത്തി, മേയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയുടെ 100 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്തു,’ വെയ്ബോ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
ആഗോളതാപനം പ്രതികൂല കാലാവസ്ഥയെ കൂടുതല്‍ വഷളാക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. “ആഗോളതാപനത്തിന്‍റെ ഓരോ വര്‍ദ്ധനയും ഒന്നിലധികം അപകടങ്ങളെ തീവ്രമാക്കും” എന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎൻ ഇന്‍റര്‍ഗവണ്‍മെന്‍റല്‍ പാനലിന്‍റെ സമീപകാല റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഉച്ചകഴിഞ്ഞ്, സെൻട്രല്‍ ഷാങ്ഹായിലെ മെട്രോ സ്റ്റേഷനിലെ താപനില 36.7 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നതായി കിഴക്കൻ ചൈനീസ് നഗരത്തിലെ കാലാവസ്ഥാ സേവനം വ്യക്തമാക്കി.