ഇന്ത്യൻ പാസ്‌പോർട്ടോ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ ((ഒസിഐ) കാർഡോ ഇല്ലാതെ, വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യൻ വംശജന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അനുമതി നൽകാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.കോട്ടയം മുട്ടുചിറ സ്വദേശിയായ ജോബി തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന ബന്ധുവിന്റെ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർണ്ണായക വിധി പുറപ്പെടുവിച്ചത്. വിദേശ പൗരത്വം സ്വീകരിച്ച ഒരാളുടെ ഭൗതികദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് കേവലം ബന്ധുക്കളുടെ താല്പര്യപ്രകാരം മാത്രം തീരുമാനിക്കാനാവില്ലെന്നും പൗരത്വ നിയമങ്ങളും നിലവിലുള്ള ചട്ടങ്ങളും ഇതിൽ പ്രധാനമാണെന്നും കോടതി വ്യക്തമാക്കി.
2016-ൽ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ജോബി തോമസ് കഴിഞ്ഞ ഫെബ്രുവരി 6-നാണ് അന്തരിച്ചത്. പൗരത്വം മാറിയ ശേഷം അദ്ദേഹം തന്റെ ഇന്ത്യൻ പാസ്‌പോർട്ട് സറണ്ടർ ചെയ്തിരുന്നു. എന്നാൽ ഇന്ത്യയുമായുള്ള ബന്ധം നിലനിർത്താൻ സഹായിക്കുന്ന ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡിനായി അദ്ദേഹം അപേക്ഷിക്കുകയോ അത് കൈവശം വെക്കുകയോ ചെയ്തിരുന്നില്ല. ഇതാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമപരമായ തടസ്സമായത്.
മൃതദേഹം നാട്ടിലെത്തിക്കാൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നൽകണമെന്നാവശ്യപ്പെട്ട് ജോബിയുടെ അമ്മാവൻ ഹാൻസ് ജോസഫ് ആണ് കോടതിയെ സമീപിച്ചത്. ജോബിയുടെ അമ്മയും മകളും ഇന്ത്യയിലാണെന്നും അതിനാൽ സംസ്കാരം ഇവിടെ നടത്തണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. കൂടാതെ, ജോബിക്ക് കേരളത്തിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന രണ്ടാം ഭാര്യയുടെ ഇമെയിൽ സന്ദേശവും കോടതിയിൽ ഹാജരാക്കിയിരുന്നു.
എന്നാൽ വിദേശ പൗരന്മാരുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരണമെങ്കിൽ മരണസമയത്ത് സാധുവായ ഒസിഐ കാർഡോ അല്ലെങ്കിൽ പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (PIO) കാർഡോ നിർബന്ധമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കോടതിയെ അറിയിച്ചു. ജോബിക്ക് ഒസിഐ കാർഡിന് അർഹതയുണ്ടായിരുന്നുവെങ്കിലും പത്ത് വർഷത്തിനിടെ ഒരിക്കൽ പോലും അദ്ദേഹം അതിനായി അപേക്ഷിച്ചിരുന്നില്ല എന്നത് മന്ത്രാലയം ചൂണ്ടിക്കാട്ടി.
തന്റെ ഭൗതികദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന് ജോബി തോമസ് ആഗ്രഹിച്ചിരുന്നതായി തെളിയിക്കാൻ മതിയായ രേഖകളില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യ അയച്ച ഇമെയിൽ സന്ദേശം മരണശേഷമുള്ളതാണെന്നതിനാൽ അത് വിശ്വസനീയമായ തെളിവായി സ്വീകരിക്കാനാവില്ല. സ്വന്തം ഇഷ്ടപ്രകാരം വിദേശ പൗരത്വം സ്വീകരിച്ച ഒരാൾക്ക് ഇന്ത്യയുമായുള്ള നിയമപരമായ ബന്ധം നിലനിർത്താൻ താല്പര്യമുണ്ടായിരുന്നു എന്ന് കരുതാൻ ഒസിഐ കാർഡിന്റെ അഭാവത്തിൽ കഴിയില്ലെന്നും കോടതി പറഞ്ഞു.
ഹർജിക്കാരന്റെ നിയമപരമായ അവകാശത്തെയും (Locus Standi) കോടതി ചോദ്യം ചെയ്തു. ജോബിയുടെ അമ്മയും മകളും ജീവിച്ചിരിക്കെ, നിയമപരമായ അവകാശിയല്ലാത്ത അമ്മാവൻ കോടതിയെ സമീപിച്ചതിനെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരാമർശിച്ചു. അടുത്ത ബന്ധുക്കൾ ആരും തന്നെ ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടില്ല എന്നതും ഹർജി തള്ളാൻ കാരണമായി.
മൃതദേഹം സംസ്കരിക്കുന്നതിന് ഗൗരവകരമായ നിയമപരമായ വശങ്ങളുണ്ടെന്നും അത് നിലവിലുള്ള ചട്ടങ്ങൾ പാലിച്ചായിരിക്കണം നടപ്പിലാക്കേണ്ടതെന്നും കോടതി ആവർത്തിച്ചു. ഒസിഐ കാർഡിന് അർഹതയുണ്ടെന്നത് ആ കാർഡ് കൈവശമുള്ളതിന് തുല്യമായി കാണാനാവില്ല. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്ത പക്ഷം വിദേശ പൗരന്മാരുടെ ഭൗതികദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹർജി തള്ളിയത്.































