ടെഹ്‌റാന്‍ : രാജ്യത്തെ നിര്‍ബന്ധിത ഹിജാബ് നിയമം കര്‍ശനമാക്കാനുള്ള നടപടികളുമായി ഇറാന്‍ ഭരണകൂടം. സ്ത്രീകള്‍ ശിരോവസ്ത്രം ധരിച്ചിരിക്കണമെന്ന നിബന്ധന പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്ന പേരില്‍ ഞായറാഴ്ച മാത്രം രാജ്യത്തുടനീളം 150ലധികം സ്ഥാപനങ്ങള്‍ പൂട്ടിച്ചതായി ഇറാന്‍ പൊലീസ് അറിയിച്ചു.137 കടകളും 18 റെസ്റ്റോറന്റുകളുമാണ് പൂട്ടിച്ചത്.
നേരത്തെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും ഈ സ്ഥാപനങ്ങള്‍ അത് അവഗണിച്ചെന്ന് പൊലീസ് പറയുന്നു. നിയമം ലംഘിക്കുന്ന സ്ത്രീകളെ തിരിച്ചറിയാന്‍ ‘ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്നോളജി”യും സി.സി ടിവി കാമറയും ഉപയോഗപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കാര്‍ അടക്കമുള്ള വാഹന ഉടമസ്ഥര്‍ക്കും പൊലീസ് മുന്നറിയിപ്പ് നല്‍കി. കാറിലെ സ്ത്രീയാത്രികര്‍ ഹിജാബ് നിയമം ലംഘിച്ചാല്‍ ഉടമകള്‍ക്ക് പൊലീസ് സന്ദേശം അയയ്ക്കും. ഒന്നിലേറെ തവണ നിയമലംഘനം ഉണ്ടായാല്‍ വാഹനം പിടിച്ചെടുക്കും.
ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി എന്ന 22കാരി മരിച്ചതിന് പിന്നാലെ സെപ്തംബറില്‍ രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു. നിരവധി സ്ത്രീകള്‍ ഹിജാബില്ലാതെ പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് സമീപ കാലത്ത് ഉയര്‍ന്നതോടെയാണ് ഭരണകൂടം നടപടികള്‍ കര്‍ശനമാക്കിയത്.