ന്യൂഡൽഹി: സുഹൃത്തിനെ കാണാൻ ചൈനയിൽ എത്തിയ ഇന്ത്യൻ വ്ലോഗറെ വിമാനത്താവളത്തിൽ മണിക്കൂറുകളോളം തടഞ്ഞുവച്ചു ചോദ്യം ചെയ്തതായി ആരോപണം. ട്രാവൽ വ്ലോഗറായ അനന്ത് മിത്തലാണ് അരുണാചൽ പ്രദേശിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ ചൈനീസ് അധികൃതർ തന്നെ 15 മണിക്കൂറോളം തടഞ്ഞുവെച്ചതായി വെളിപ്പെടുത്തിയത്. ‘ഓൺ റോഡ് ഇന്ത്യൻ’ എന്ന പേരിലാണ് അനന്ത് മിത്തൽ അറിയപ്പെടുന്നത്. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് യുവാവ് ദുരനുഭവം വെളിപ്പെടുത്തിയത്.
സംഭവം ഇങ്ങനെ: നവംബർ 16ന് ചൈനയിലെ ഗുവാങ്‌ഷൂ വിമാനത്താവളത്തിലാണ് സംഭവം. സുഹൃത്തിനെ സന്ദർശിക്കാനെത്തിയതായിരുന്നു മിത്തൽ. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടികൾക്കിടെ പാസ്‌പോർട്ടിൽ സീൽ പതിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഉദ്യോഗസ്ഥർ തന്നെ തടയുകയായിരുന്നുവെന്ന് മിത്തൽ പറയുന്നു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ എത്തുകയും അദ്ദേഹത്തെ ഒരു പ്രത്യേക തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. അവിടെ വെച്ച് തന്റെ ബാഗുകളും മൊബൈൽ ഫോണും ക്യാമറയും പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഏകദേശം 15 മണിക്കൂറോളം തനിക്ക് ഭക്ഷണം ലഭിച്ചില്ലെന്നും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ അനുവദിച്ചില്ലെന്നും യുവാവ് പറയുന്നു. നമ്മൾ എത്രത്തോളം നിസ്സഹായരാണ് എന്ന് വികാരധീനനായി വിഡിയോയിൽ മിത്തൽ പറയുന്നു.
‘നോർത്ത് ഈസ്റ്റിൽ മൂന്ന് വർഷത്തോളം പഠിച്ച തനിക്ക് ആ പ്രദേശവുമായി വലിയ വൈകാരിക ബന്ധമുണ്ട്. മുൻപ് അരുണാചൽ സ്വദേശിയായ ഒരാളെ ചൈനയിൽ തടഞ്ഞുവെച്ച സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് ഞാൻ ഒരു വിഡിയോ ചെയ്തിരുന്നു. ഇതാണ് ചൈനീസ് അധികൃതരെ പ്രകോപിപ്പിച്ചത്. തനിക്ക് രാഷ്ട്രീയ അജണ്ടകളൊന്നുമില്ലെന്നും ലോകം ചുറ്റിക്കാണുക മാത്രമാണ് ലക്ഷ്യമെന്നും ഞാൻ അവരോട് പറഞ്ഞു. എന്നെ നാടുകടത്താതെ സമാധാനപരമായി വിട്ടയച്ചതിന് ചൈനീസ് അധികൃതരോട് നന്ദി പറയുന്നു. പക്ഷേ, ഇപ്പോഴും എനിക്ക് അതോർക്കുമ്പോൾ കരച്ചിലടക്കാൻ കഴിയുന്നില്ല’ – വികാരധീനനായി മിത്തൽ പറയുന്നു.
ഇന്ത്യയിൽ സുരക്ഷിതനായി തിരിച്ചെത്തിയ യുവാവ്, രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്നതിൽ ജാഗ്രത പാലിക്കണമെന്ന് മറ്റ് വ്ലോഗർമാർക്ക് മുന്നറിയിപ്പ് നൽകി..’ഞാൻ ഇപ്പോഴും ആ ആഘാതത്തിലാണ്’ എന്ന് വീണ്ടും മിത്തൽ വികാരധീനനായി പറയുന്നു.































