സിഡ്നി: കോവിഡ്-19 മഹാമാരിയുടെ സമയത്ത് ക്വാണ്ടാസ് (Qantas) എയർലൈൻസിൽ നിന്നും നിയമവിരുദ്ധമായി പിരിച്ചുവിടപ്പെട്ട 1,820-ലധികം തൊഴിലാളികൾക്ക് ലഭിക്കേണ്ട 120 മില്യൺ ഡോളറിന്റെ നഷ്ടപരിഹാരത്തുക വൈകുന്നതിൽ ഫെഡറൽ കോടതി ജഡ്ജി നിയമസ്ഥാപനമായ മൗറിസ് ബ്ലാക്ക്ബേണിനെ (Maurice Blackburn Lawyers) കടുത്ത ഭാഷയിൽ ശാസിച്ചു. കോടതി ഉത്തരവുകൾ ലംഘിച്ചതിന്റെ അനന്തരഫലങ്ങൾ നിയമസ്ഥാപനം നേരിടേണ്ടിവരുമെന്ന് ജസ്റ്റിസ് മൈക്കൽ ലീ വ്യക്തമാക്കി.
ട്രാന്സ്പോര്ട്ട് വര്ക്കേഴ്സ് യൂണിയനും (TWU) ക്വാണ്ടാസ് എയർലൈൻസും തമ്മിലുള്ള നാല് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ, 2024-ൽ 120 മില്യൺ ഡോളറിന്റെ നഷ്ടപരിഹാരത്തുക നൽകാമെന്ന് ക്വാണ്ടാസ് സമ്മതിച്ചിരുന്നു. ഇതിന്റെ വിതരണ ചുമതല മൗറിസ് ബ്ലാക്ക്ബേൺ ലോയേഴ്സിനാണ്. കൂടാതെ കോടതി ചുമത്തിയ പിഴയിൽ നിന്നുള്ള 40 മില്യൺ ഡോളറിന്റെ വിഹിതവും തൊഴിലാളികൾക്ക് ലഭിക്കാനുണ്ട്.ജൂലൈ 31-നകം നഷ്ടപരിഹാര വിതരണത്തിന്റെ ഷെഡ്യൂൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സങ്കീർണ്ണമായ നികുതി പ്രശ്നങ്ങളും മെഡിക്കൽ റിപ്പോർട്ടുകളും കാരണമാക്കി സമയപരിധി നീട്ടണമെന്ന് അവസാന നിമിഷം (deadline-ന് എട്ട് ദിവസം മുൻപ് മാത്രം) നിയമസ്ഥാപനം കോടതിയെ അറിയിക്കുകയായിരുന്നു. ഈ നടപടിയെ “അവസാന നിമിഷത്തിലെ അപേക്ഷ” (a minute to midnight) എന്ന് വിശേഷിപ്പിച്ച ജഡ്ജി, സമയപരിധി നീട്ടിനൽകാൻ വിസമ്മതിച്ചു.
തുക വിതരണം ചെയ്യുന്നതിലെ ഈ കാലതാമസം കാരണം 2020-ൽ ജോലി നഷ്ടപ്പെട്ട സാധാരണക്കാരായ തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ജീവിക്കുന്നതെന്ന് മുൻ ക്വാണ്ടാസ് ജീവനക്കാരനായ ഡോൺ ഡിക്സൺ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. ബാക്കി തുകയായ 35 മില്യൺ ഡോളറിലധികം നിലവിൽ കോടതിയുടെ പക്കലുണ്ടെന്നും, ഈ ആദ്യ ഘട്ട തുകയുടെ കാര്യത്തിൽ തീരുമാനമാകാതെ അത് വിതരണം ചെയ്യാൻ കഴിയില്ലെന്നും ജസ്റ്റിസ് ലീ വ്യക്തമാക്കി.
ഈ കേസ് കൂടുതൽ വിശദമായി പരിഗണിക്കുന്നതിനായി ഓഗസ്റ്റ് 6-ലേക്ക് കോടതി മാറ്റിയിരിക്കുകയാണ്. സമയപരിധി ലംഘിച്ചതിന് മൗറിസ് ബ്ലാക്ക്ബേൺ സ്ഥാപനത്തിനെതിരെ എന്ത് നടപടിയുണ്ടാകും എന്നത് അന്നേ ദിവസം വ്യക്തമാകും.































