സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസ് (NSW) സെൻട്രൽ കോസ്റ്റിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ 15 വയസുകാരനായ ആൺകുട്ടിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസം രാത്രി ഗോസ്ഫോർഡിലെ പ്രധാന തെരുവായ മാൻ സ്ട്രീറ്റിലാണ് (Mann Street) ദാരുണമായ സംഭവം അരങ്ങേറിയത്. 22 വയസുകാരനായ യുവാവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് ശരീരത്തിൽ നിരവധി കുത്തേറ്റ നിലയിൽ യുവാവിനെ മാൻ സ്ട്രീറ്റിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ പാരമെഡിക്കൽ സംഘം സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകി ഗോസ്ഫോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരുവരും തമ്മിൽ മുൻപരിചയം ഉണ്ടായിരുന്നുവെന്നും, പൊതുജനങ്ങൾക്ക് നിലവിൽ മറ്റ് സുരക്ഷാ ഭീഷണികൾ ഇല്ലെന്നും ബ്രിസ്ബേൻ വാട്ടർ പോലീസ് ഡിസ്ട്രിക്റ്റ് കമാൻഡർ സൂപ്രണ്ട് ഡാരിൽ ജോബ്സൺ വ്യക്തമാക്കി. അക്രമം നടത്തിയ ശേഷം മാൻ സ്ട്രീറ്റിലൂടെ വടക്കോട്ട് ഓടി രക്ഷപ്പെട്ട 15-കാരനെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഏകദേശം 175 സെൻറിമീറ്റർ ഉയരവും, ഇടത്തരം ശരീരപ്രകൃതിയും, കറുത്ത ചെറിയ മുടിയുമുള്ള കുട്ടിയാണ് ഇതെന്നും, അക്രമ സമയത്ത് ഒരു വെസ്റ്റ് ധരിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.
ആക്രമണത്തിനായി 15 സെൻറിമീറ്റർ നീളമുള്ള ബ്ലേഡുള്ള കത്തിയാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവസ്ഥലത്തിന് സമീപത്തുണ്ടായിരുന്ന ബസിൽ നിന്നാണ് ഇരുവരും ഇറങ്ങിയതെന്നും എന്നാൽ ഇവർ ഒന്നിച്ച് യാത്ര ചെയ്തവരല്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ ക്രൈംസ്റ്റോപ്പേഴ്സുമായി (Crimestoppers) ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.































