മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിൽ ഡോക്ടർമാരെന്ന വ്യാജേന രോഗിക്ക് വ്യാജ ചികിത്സ നൽകുകയും സ്റ്റിറോയിഡ് കടത്തുകയും ചെയ്ത സംഭവത്തിൽ ഒരു സ്ത്രീയും പുരുഷനും പോലീസ് പിടിയിലായി. ബ്രൈറ്റൺ ഈസ്റ്റ് സ്വദേശികളായ 32-കാരിയായ സ്ത്രീയും 39-കാരനായ പുരുഷനുമാണ് അറസ്റ്റിലായത്.
ദീർഘകാലമായി അസുഖ ബാധിതനായ ഒരു വ്യക്തിക്ക് ഡോക്ടർമാരെന്ന വ്യാജേന ഇവർ ഇൻജക്ഷനുകൾ നൽകിയിരുന്നതായി വിക്ടോറിയ പോലീസ് അറിയിച്ചു. ഈ വർഷം മാത്രം ചികിത്സാ ഫീസായി 20,000 ഡോളറിലധികം (ഏകദേശം 16 ലക്ഷത്തിലധികം രൂപ) ഇവർ രോഗിയിൽ നിന്ന് ഈടാക്കിയിട്ടുണ്ട്. എന്നാൽ ഇവർ നൽകിയ തെറ്റായ ചികിത്സകൾ രോഗിയുടെ ആരോഗ്യത്തെ മോശമായി ബാധിച്ചതായും, അസുഖം ഭേദമാക്കാൻ എന്ന പേരിൽ ഇവർ നൽകിയ ഇൻജക്ഷനുകളിൽ വിറ്റാമിനുകളും പ്രോട്ടീൻ പൗഡറും മാത്രമാണ് അടങ്ങിയിരുന്നതെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
പ്രതികളുടെ ബ്രൈറ്റൺ ഈസ്റ്റിലെയും കോൾഫീൽഡ് നോർത്തിലെയും താമസസ്ഥലങ്ങളിൽ പോലീസ് നടത്തിയ തിരച്ചിലിൽ വൻ മയക്കുമരുന്ന് ശേഖരമാണ് കണ്ടെടുത്തത്. കൊക്കെയ്ൻ, ടെസ്റ്റോസ്റ്റിറോൺ, സിന്തറ്റിക് അനാബോളിക് സ്റ്റിറോയിഡുകൾ, വേദനസംഹാരികൾ, ഹ്യൂമൻ ഗ്രോത്ത് ഹോർമോണുകൾ എന്നിവയടക്കം വൻതോതിൽ പ്രിസ്‌ക്രിപ്ഷൻ മരുന്നുകൾ ഇവിടെ നിന്ന് പിടിച്ചെടുത്തു.
സ്റ്റിറോയിഡ് കടത്ത്, മയക്കുമരുന്ന് കൈവശം വെക്കൽ, വഞ്ചന, ആളുകളെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. നിലവിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതികളെ ഒക്ടോബർ 19-ന് മൂരാബിൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഓസ്‌ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണർ റെഗുലേഷൻ ഏജൻസി (AHPRA) ഇവർക്കെതിരെ കൂടുതൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.































