കൊല്ലം : എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ നിരന്തരം വിമർശനവും അധിക്ഷേപവും നടത്തുന്ന ഗവർണർക്കെതിരെ മന്ത്രിമാർ. കേരളത്തിൽ സുരക്ഷിതമായി ഏതൊരാൾക്കും നടക്കാൻ കഴിയുമെന്നാണ് മിഠായിത്തെരുവിലൂടെയുളള യാത്രയിലൂടെ ഗവർണർ തെളിയിച്ചതെന്ന് നിയമമന്ത്രി പി.രാജീവ് പ്രതികരിച്ചു. സർവകലാശാലകളെ അച്ചടക്കം പഠിപ്പിക്കുമെന്നാണ് ഗവർണർ പറയുന്നത്. ഗവര്‍ണര്‍ക്ക് നല്ല അച്ചടക്കമാണല്ലോ എന്നും മന്ത്രി പരിഹസിച്ചു.
ഗവർണറുടേത് നീചമായ രാഷ്ട്രീയമെന്ന് മന്ത്രി വി എൻ വാസവനും പ്രതികരിച്ചു. കേരളമായതുകൊണ്ടാണ് ഗവർണർക്ക് ഒരു പോറൽ പോലും ഏൽക്കാതിരുന്നത്. ഗവർണർ ഇപ്പോൾ പെരുമാറുന്നത് സ്ട്രീറ്റ് ഫൈറ്ററെ പോലെയാണ്. അദ്ദേഹം ഭരണഘടന പഠിക്കാൻ തയ്യാറാകണം. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമല്ല എസ് എഫ് ഐ പ്രതിഷേധമെന്നും മന്ത്രി പറഞ്ഞു.
ഗവർണർ നടത്തിയത് പ്രൈം ടൈം കോമഡിയെന്ന് മന്ത്രി എം ബി രാജേഷ് പരിഹസിച്ചു. പഠിപ്പും വിവരവുമുള്ളവരെ ക്രിമിനലെന്നും റാസ്കലെന്നും വിളിക്കുന്നു. എന്നെ അറസ്റ്റ് ചെയ്യുവെന്ന് പറയുന്ന ജഗതിയുടെ കഥാപാത്രമാണ് ഗവർണർ. പഴയ കുട്ടൻ പിള്ള പൊലീസിനെ പോലെയാണ് റാസ്കൽ വിളിയെന്നും രാജേഷ് പരിഹസിച്ചു.
മിഠായി തെരുവിലുണ്ടായത് ബി ജെ പിയുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു. എസ് എഫ് ഐയുടെ ചോര വീണ റോഡിലൂടെയാണ് ഗവർണർ ഇറങ്ങി നടന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട്ട് തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഹലുവ നൽകിയ കൈ കൊണ്ട് ജനങ്ങൾ എതിരെ വോട്ട് ചെയ്യുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.